സിനിമകളിലെ ചുംബന രംഗങ്ങൾ ഒഴിവാക്കിക്കൊണ്ട് സെൻസർബോർഡിന്റ ഇടപെടൽ വീണ്ടും. രൺവീർ സിങ്ങും ആലിയ ഭട്ടും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഗള്ളി ബോയിലാണ് ഇത്തവണ സെൻസർബോര്ഡിന്റെ കത്രിക പതിഞ്ഞത്. സിനിമയിൽ പതിമൂന്നു സെക്കൻഡോളം ദൈർഘ്യമുള്ള ചുംബന രംഗത്തിനു പുറമെ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളും ഒഴിവാക്കുവാൻ സെൻസർബോർഡ് നിർദേശിച്ചിട്ടുണ്ട്.

ഇന്ത്യയിലെ റാപ് സംസ്കാരത്തിന്റെ കഥ പറയുന്ന സിനിമ ഈ മാസം അഞ്ചാം തീയതി തിയറ്ററുകളിൽ റിലീസ് ചെയ്യും. UA സർട്ടിഫിക്കറ്റോടെയാണ് സിനിമ തീയേറ്ററുകളിൽ എത്തുക. സിനിമയിലെ സെൻസർബോർഡിൻ്റെ ഇടപെടലിനോട് അണിയറപ്രവർത്തകർ അസംതൃപ്തിയൊന്നും ഇതുവരെയും പ്രകടിപ്പിച്ചിട്ടില്ല. ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ടറിലെ ചുംബന രംഗം ഒഴിവാക്കിയതുമായി ബന്ധപ്പെട്ടു നേരത്തെയും സെൻസർബോർഡ് ഏറെ പ്രതിഷേധങ്ങൾ നേരിട്ടിരുന്നു.

ഇതിനു മുൻപ് ഇമ്രാൻ ഹാഷ്മിയുടെ ചീറ്റ് ഇന്ത്യ എന്ന ചിത്രത്തിന്റെ പേര് വൈ ചീറ്റ് ഇന്ത്യയെന്നും ദീപിക പദുക്കോണിന്റെ പദ്മാവതി എന്ന സിനിമ പദ്മാവത് എന്ന് തിരുത്തുവാനും സെൻസർബോർഡ് നിര്ദേശിച്ചിരിന്നു.