Saturday, April 20, 2024
spot_img

വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞു; മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി

തിരുവനന്തപുരം: നെടുമങ്ങാട് തളിക്കോട് മുന്‍ ഇമാം ഷഫീക്ക് അല്‍ ഖാസ്മിക്കെതിരെ ബലാല്‍സംഗക്കുറ്റം ചുമത്തി. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് പൊലീസിന്റെ നടപടി. ബലാല്‍സംഗ കുറ്റം ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.

ഇമാം പീഡിപ്പിച്ചതായി നേരത്തെ പെണ്‍കുട്ടി പൊലീസിന് രഹസ്യമൊഴി നല്‍കിയിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയത് ബോധപൂര്‍വ്വമാണെന്നും പെണ്‍കുട്ടി മൊഴിയില്‍ പറയുന്നു. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാന്‍ പൊലീസ് നേരത്തെ അനുമതി തേടിയിരുന്നു.

നേരത്തെ പീഡനത്തിനിരയായ 15 വയസുകാരിയെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ലൈംഗികമായി ഉപദ്രവിച്ചു എന്നത് തെളിയിക്കാനാണ് വൈദ്യ പരിശോധന നടത്തിയത്. കേസില്‍ ആരോപണവിധേയനായ നെടുമങ്ങാട് തളിക്കോട് ജമാത്ത് അംഗവും തളിക്കോട് ഇമാമുമായ ഷഫീക്ക് ഖാസ്മി ഇപ്പോഴും ഒളിവിലാണ്.

ഖാസ്മിക്ക് എതിരെ ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. പെണ്‍കുട്ടി മൊഴിനല്‍കാന്‍ വിസമ്മതിക്കുന്നതാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ താമസിക്കുന്നതെന്നായിരുന്ന പോലീസ് വാദം. കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

കഴിഞ്ഞയാഴ്ച്ചയാണ് ആളൊഴിഞ്ഞ പ്രദേശത്ത് വച്ച്‌ സ്വന്തം കാറിനുള്ളില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് ആരോപണം. തൊഴിലുറപ്പ് ജോലിക്ക് എത്തിയവരാണ് പീഡനശ്രമം തടഞ്ഞത്. ഇമാമിന് എതിരെ പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ സെന്റര്‍ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്‍ഡ്കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കിയിരുന്നു

Related Articles

Latest Articles