കൊച്ചി: പെരിയാറില്‍ കെട്ടിത്താഴ്ത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയില്‍ പ്രായമാണ് മരിച്ചയാള്‍ക്കെന്നും പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ചൊവ്വാഴ്ച രാത്രിയോടെ പെരിയാറില്‍ കണ്ടെത്തിയ മൃതദേഹം കരയ്‌ക്കെത്തിച്ചത് ബുധന്‍ രാവിലെ ഒന്‍പതു മണിയോടെയാണ്. രണ്ടു ദിവസം പഴക്കമായി അഴുകിത്തുടങ്ങിയ ശരീരത്തില്‍ ആണ് പൊലീസ് സര്‍ജന്‍ എ കെ ഉന്മേഷിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയത്. മരണം ശ്വാസം മുട്ടിയാണ്, അതില്‍ സംശയമില്ല.

മുഖത്തോ കഴുത്തിലോ ബലം പ്രയോഗിച്ചാണോ വായില്‍ തുണി തിരുകിക്കയറ്റിയാണോ ശ്വാസം മുട്ടിച്ചതെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്. ഒരു ചുരിദാറിന്റെ ബോട്ടം മുഴുവന്‍ ആണ് വായില്‍ തിരുകിയിരുന്നത്. കൊലപ്പെടുത്താന്‍ തന്നെ ആകണമെന്നില്ല, ബലപ്രയോഗത്തിനിടെ നിശ്ശബ്ദയാക്കാന്‍ വേണ്ടിയാണ് ചെയ്തതെന്ന് അനുമാനിക്കാം. എന്നാല്‍ മൃതദേഹത്തില്‍ ആഭരണം ഒരു തരി കാണാത്തതാണ് സംശയത്തിന് ഇടയാക്കുന്ന മറ്റൊരു കാര്യം. കാത് തുളച്ചതായി കാണുന്നെങ്കിലും കമ്മലോ ചെറിയ കല്ലുകളോ പോലുമില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്നോടിയായി എക്‌സ്‌റേ ചെയ്‌തെങ്കിലും അസ്ഥികള്‍ക്ക് ഓടിവോ ക്ഷതമോ കണ്ടെത്തിയില്ല. മറ്റ് ബലപ്രയോഗങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് അങ്ങനെയും വ്യക്തമാകുന്നു.

ലൈംഗിക ബന്ധത്തിന്റെ സൂചനകള്‍ ഉണ്ടെങ്കിലും അടുത്തെങ്ങും നടന്നതിന്റെയോ അതിക്രമം ഉണ്ടായത്തിന്റെയോ ലക്ഷണമില്ല. ശരീരപ്രകൃതി പരിഗണിച്ചാല്‍ മലയാളി ആകാതിരിക്കാമെങ്കിലും ഒരു സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം നിഗമനം. നഖം വെട്ടിയിരിക്കുന്നത് മുതല്‍ മുടി കളര്‍ ചെയ്തിരിക്കുന്നത് വരെ നോക്കിയാല്‍ സൗന്ദര്യം നന്നായി പരിചരിച്ചിരുന്ന യുവതിയാണെന്നും കാണാം.

ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്പോള്‍ ദുരൂഹത ഏറുകയാണ്. സമാന ലക്ഷണങ്ങളുള്ള സ്ത്രീകളെ കാണാതായ കേസുകളുടെ വിവരങ്ങള്‍ ചിലത് പരിശോധിച്ചെങ്കിലും ഒരു നിഗമനത്തിലും എത്താന്‍ കഴിഞ്ഞിട്ടില്ല. പരാതികള്‍ വന്നിട്ടുള്ള കേസുകളുമായി ഒത്തുനോക്കാന്‍ പാകത്തില്‍ ശരീരത്തിലെ അടയാളങ്ങളും പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കേസ് കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങുന്നു സാഹചര്യത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.