മലപ്പുറം: സ്ത്രീകളുടെ സുരക്ഷക്കും സംരക്ഷണത്തിനും വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടും ഗാര്‍ഹികപീഡന പരാതികള്‍ ജില്ലയില്‍ കുറയുന്നില്ല.
ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം മാത്രം 649 കേസാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മുമ്പ് ഇത്രയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2011, 2012, 2013 വര്‍ഷങ്ങളിലായിരുന്നു. പിന്നീട് പോലീസിന് മുന്നിലെത്തുന്ന ഇത്തരം കേസുകളില്‍ കുറവുണ്ടായി. 2021ല്‍ ഇത്തരത്തിലെ 458 കേസാണ് രജിസ്റ്റര്‍ ചെയ്തത്. കോടതി മുഖേനയുള്ള കേസുകളും വനിത കമീഷനടക്കം ഏജന്‍സികള്‍ക്കും മറ്റ് സംവിധാനങ്ങള്‍ വഴി ജില്ല വനിത സംരക്ഷണ ഓഫിസര്ക്കുമെല്ലാം ലഭിക്കുന്ന പരാതികള്‍ ഇതിന് പുറമെയാണ്. ഈ വര്‍ഷം ഏപ്രില്‍ വരെ പോലീസിനും മറ്റ് ഏജന്‍സികള്‍ക്കുമായി ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട ഇരുനൂറിലേറെ പരാതികളാണ് ലഭിച്ചത്. ലൈംഗികാതിക്രമം, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ മുന്‍വര്‍ഷങ്ങളിലേതുമായി താരതമ്മ്യപ്പെടുത്തുമ്പോൾ ജില്ലയില്‍ കുറവുണ്ട്. സ്ത്രീകള്‍ പലപ്പോഴും പീഡനത്തിനിരയാകുന്നതേറെയും വീടുകളില്നിന്നാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീധനത്തിന്റെയും ദാമ്പത്യപ്രശ്നങ്ങളുടെയും പേരിലാണ് മിക്ക അതിക്രമങ്ങളും.
സംസ്ഥാനത്ത് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 12 പേരാണ് സ്ത്രീധന പീഡനം മൂലം മരിച്ചത്. സ്ത്രീകൾക്ക് ഒരു പിൻതുണ ആയി കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ വനിത-ശിശു വികസന വകുപ്പിന് കീഴില്‍ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സഖി വണ്‍ സ്റ്റോപ് സെന്റര്‍. ഏതെങ്കിലും തരത്തിലെ മാനസിക-ശാരീരിക-ലൈംഗിക-സാമ്ബത്തിക ചൂഷണങ്ങളോ മറ്റ് പ്രശ്നങ്ങളോ നേരിടുന്ന സ്ത്രീകള്‍ക്ക് ഏതുസമയവും സഹായം തേടാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വണ്‍ സ്റ്റോപ് സെന്ററില്‍ കൗണ്‍സലിങ്, നിയമോപദേശം, വൈദ്യസഹായം, താമസം തുടങ്ങിയ സേവനങ്ങളാണ് നല്‍കുക. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍മാര്‍, കൗണ്‍സലര്‍, ലീഗല്‍ അഡ്വൈസര്‍ തുടങ്ങി ഒമ്പതു വനിത ജീവനക്കാരാണ് ഇവിടെയുള്ളത്.
ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് സ്ത്രീകള്‍, പൊതുപ്രവര്‍ത്തകര്‍, ബന്ധുക്കള്‍, പോലീസ് , സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായത്തോടെയും തനിച്ചും ഇവിടെ വരുകയും പരാതി നല്‍കുകയും ചെയ്യാം. വിലാസം: സഖി വണ്‍ സ്റ്റോപ് സെന്റര്‍, ഓള്‍ഡ് തഹസില്‍ദാര്‍ ക്വാര്‍ട്ടേഴ്സ്, പി.ഡബ്ല്യു.ഡി കോംപ്ലക്സിനു സമീപം, പട്ടാമ്ബി റോഡ്, പെരിന്തല്‍മണ്ണ, മലപ്പുറം -679322, ഫോണ്‍: 04933 297400. ഇ-മെയില്‍: oscmalappuram@gmail.com.

