Sunday, September 27, 2026

കടൽക്കരയിൽ യുവാവിനെ കെട്ടിയിട്ട ശേഷം സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മനംനൊന്ത് യുവാവ് വിഷം കഴിച്ചു

ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് യുവാവിനെ കെട്ടിയിട്ട് സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത പ്രതികളെ അറസ്റ്റ് ചെയ്‌തു. സായല്‍കുടിക്ക് സമീപം മുക്കൈയൂര്‍ ബീച്ചില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.

വിരുദുനഗര്‍ സ്വദേശിനിയായ 21 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം കോളേജ് വിദ്യാര്‍ഥിനിയായ യുവതി ആൺസുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു.

എന്നാൽ ആള്‍ത്തിരക്കില്ലാത്ത ബീച്ചായതിനാൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇവിടെ വെച്ച് പ്രതികള്‍ യുവാവിനെ മര്‍ദിച്ച് കെട്ടിയിട്ടു. തുടർന്ന് മൂവരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു ശേഷം പണവും യുവതിയുടെ സ്വര്‍ണാഭരണങ്ങളും കൈക്കലാക്കി കടന്ന് കളയുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇരുവരും വിരുദുനഗറില്‍ തിരിച്ചെത്തിയെങ്കിലും ആദ്യം പോലീസില്‍ വിവരമറിയിച്ചിരുന്നില്ല. ഇതിനിടെ മനോവിഷമത്താല്‍ യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതേതുടർന്ന് യുവതി വിരുദുനഗര്‍ പോലീസ് മേധാവിക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു.

Related Articles

Latest Articles