ജമ്മു: റീസി ഭീകരാക്രമണത്തിലെ ഭീകരരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഭീകരനുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ജൂൺ 9 ന് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിനു നേരെ റീസി ജില്ലയിൽ വച്ചുണ്ടായ ഭീകരാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തലും വിവരണവും അടിസ്ഥാനമാക്കിയാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് പോലീസ് പ്രസ്‌താവനയിൽ പറഞ്ഞു.
ശിവ്‌ഖോരി ക്ഷേത്രത്തിൽ നിന്ന് മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന്റെ ബേസ് ക്യാമ്പായ കത്രയിലേക്ക് തീർത്ഥാടകരുമായി മടങ്ങിയ ബസിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായത്. പാക് പിന്തുണയുള്ള ലഷ്കർ സംഘടന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു. ദേശീയ അന്വേഷണ ഏജൻസിക്കാണ് കേസന്വേഷണത്തിന്റെ ചുമതല.

