Monday, November 2, 2026

ഗൾഫ് യാത്രക്കാർക്ക് ആശ്വാസം! ഖത്തർ, ബഹ്‌റൈൻ സർവീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ എക്സ്പ്രസ്; യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ

ദില്ലി : ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ പുനരാരംഭിച്ചതിനൊപ്പം യുഎഇ, ഒമാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ എണ്ണവും എയർ ഇന്ത്യ എക്സ്പ്രസ് വർദ്ധിപ്പിച്ചു. വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഷെഡ്യൂൾ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കും തൊഴിൽ ആവശ്യങ്ങൾക്കായി ഗൾഫിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമാകും. കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചാണ് സർവീസുകളിൽ വലിയൊരു ഭാഗവും ക്രമീകരിച്ചിരിക്കുന്നത്.

പുതുക്കിയ സമയപ്പട്ടിക പ്രകാരം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ദോഹയിലേക്കും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് ബഹ്‌റൈനിലേക്കും വിമാനങ്ങൾ പുനരാരംഭിച്ചു. യുഎഇയിലെ വിവിധ നഗരങ്ങളായ ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലേക്കും സർവീസുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കണ്ണൂർ, ലഖ്‌നൗ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും ഡൽഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്ന് അബുദാബിയിലേക്കും സർവീസുകൾ ഉണ്ടാകും. ഷാർജയെ അമൃത്സർ, ജയ്പൂർ, കണ്ണൂർ, കോഴിക്കോട്, വാരണാസി എന്നീ നഗരങ്ങളുമായാണ് ബന്ധിപ്പിക്കുന്നത്. കൊച്ചിയിൽ നിന്നും കോഴിക്കോട്ടു നിന്നും റാസൽഖൈമയിലേക്കും കോഴിക്കോട്ടു നിന്ന് അൽ ഐനിലേക്കും സർവീസുകൾ ലഭ്യമാണ്.

സൗദി അറേബ്യയിലെയും ഒമാനിലെയും പ്രധാന നഗരങ്ങളിലേക്കും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനിലെ മസ്‌കറ്റിലേക്ക് ദില്ലി, കണ്ണൂർ, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് നേരിട്ട് വിമാന സർവീസുകൾ ഉണ്ടാകും. സൗദി അറേബ്യയിലെ ജിദ്ദയെ ബംഗളൂരു, ഹൈദരാബാദ്, കോഴിക്കോട്, മംഗളൂരു എന്നീ നഗരങ്ങളുമായും റിയാദിനെ കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കും. ദമാമിലേക്ക് കൊച്ചി, കോഴിക്കോട്, മംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ വിമാന സർവീസുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ യാത്ര ചെയ്യാനുള്ള അവസരം നൽകുമെന്നാണ് വിലയിരുത്തുന്നത്.

Related Articles

Latest Articles