തിരുവനന്തപുരം: ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാരിന് വഹിക്കാനാകില്ലെന്ന് പൊതുഭരണവകുപ്പ്. ഭാര്യയുടെ ചെലവ് വഹിക്കണമെന്ന പിഎസ്സി ചെയര്‍മാന്റെ ആവശ്യമാണ് പൊതുഭരണ വകുപ്പ് തള്ളിയത്്. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പിഎസ്സി ചെയര്‍മാനു നല്‍കാനാവില്ലെന്നു വകുപ്പ് നിലപാടെടുത്തു. ഇത് രേഖാമൂലം മുഖ്യമന്ത്രിയെ അറിയിക്കും. അതേസമയം ചട്ടം ലംഘിച്ച് എം.കെ. സക്കീര്‍ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണമുയര്‍ന്നു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്‍മാര്‍ക്കും ഇല്ലാത്ത അവകാശം പിഎസ്സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണു പൊതുഭരണ വകുപ്പിന്റെ നിലപാട്. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറാനാണ് ജിഎഡിയുടെ നീക്കം.
ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പിഎസ്സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഏപ്രില്‍ 30 നു ഫയലില്‍ കുറിച്ചിരുന്നു.
നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും ഐഎഎസ് ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡിഎയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്.

