Tuesday, May 7, 2024
spot_img

“രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക തീവ്രവാദത്തെ വേരോടെ പിഴുതെറിയാൻ ഞാൻ എന്തും ചെയ്യും” തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ കയ്യടിനേടി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനക്; ചൈനയുടെ ചാരവൃത്തി അവസാനിപ്പിക്കുമെന്നും പ്രഖ്യാപനം

ലണ്ടൻ: തെരെഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയാൽ രാജ്യത്തെ ഇസ്‍ലാമിക തീവ്രവാദത്തെ അടിച്ചമർത്തുമെന്ന് ബ്രിട്ടനിലെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക്. നിലവിലുള്ള തീവ്രവാദ വിരുദ്ധ നിയമം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് ഋഷി സുനക്കിന്‍റെ വാഗ്ദാനം. “നമ്മുടെ രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊരു കടമ പ്രധാനമന്ത്രിക്ക് ഇല്ല. ഇസ്‌ലാമിക തീവ്രവാദത്തെ നേരിടാനുള്ള ശ്രമം ശക്തമാക്കും. നമ്മുടെ രാജ്യത്തോട് വിദ്വേഷം പ്രചരിപ്പിക്കുന്നവരെ വേരോടെ പിഴുതെറിയും. ആ കടമ നിറവേറ്റാൻ ഞാൻ എന്തും ചെയ്യും. സ്വാതന്ത്ര്യത്തിന്റെയും സഹിഷ്ണുതയുടെയും വൈവിധ്യത്തിന്റെയും രാജ്യമാണ് ബ്രിട്ടൻ. നമ്മുടെ ജീവിതരീതിയെ തുരങ്കം വയ്ക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നവരെ ഒരിക്കലും വിജയിക്കാൻ അനുവദിക്കരുത്” ഋഷി സുനക് പറഞ്ഞു.

കടുത്ത ചൈന വിരുദ്ധ നിലപാടുള്ള നേതാവ് കൂടിയാണ് ഋഷി സുനക്. രാജ്യത്തിന്‍റെ ടെക്നോളജി കൊള്ള‍യടിക്കുകയും യൂണിവേഴ്സിറ്റികളിൽ നുഴഞ്ഞുകയറുകയും ചൈന ചെയ്യുന്നുണ്ടെന്നും ഇതെല്ലാം താൻ അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അധികാരമേറ്റാല്‍ ആദ്യ ദിവസം തന്നെ ബ്രിട്ടനിലുള്ള ചൈനയുടെ കൈകടത്തലുകൾ അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഋഷി സുനക് പറഞ്ഞിരുന്നു. ഇതിന്‍റെ പിന്നാലെയാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ പുതിയ പ്രസ്താവന. ചൈനയുടെ ചാരപ്രവർത്തിക്കെതിരെ ബ്രിട്ടന്റെ ആഭ്യന്തര ചാരസംഘടനയായ എം.ഐ 5നെ ഉപയോഗിക്കുമെന്നും. സൈബർ ഇടത്തിലെ ചൈനീസ് ഭീഷണികളെ നേരിടാൻ നാറ്റോ ശൈലിയിൽ അന്താരാഷ്ട്ര സഹകരണം കെട്ടിപ്പടുക്കുമെന്നും ഋഷി അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടനിൽ ഏറെ ജനപിന്തുണയും ജനപ്രീതിയുമുള്ള നേതാവാണ് റിഷി സുനക്ക്. കൊവിഡ് പ്രതിസന്ധിക്കാലത്താണ് റിഷി സുനക്കിന്റെ ജനപ്രീതിയുയർന്നത്. ബിസിനസുകാർക്കും തൊഴിലാളികൾക്കുമായി നടപ്പാക്കിയ ക്ഷേമപദ്ധതികൾ വൻ ശ്രദ്ധയാകർഷിച്ചു. പഞ്ചാബിൽ നിന്നാണ് റിഷി സുനക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചിരുന്നു. ബോറിസ് ജോൺസന്റെ രാജിയെ തുടർന്നാണ് ബ്രിട്ടണിൽ തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങിയത്.

Related Articles

Latest Articles