ചോദിക്കുന്ന ചോദ്യം ഒന്ന്, എന്നാൽ പറയുന്ന മറുപടി മറ്റൊന്ന് ഈ ആക്ഷേപം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ കുറച്ചുകാലങ്ങളായി ഉയർന്നു വരുന്നതാണ്. എന്നാൽ അങ്ങ് ഉത്തരേന്ത്യയിൽ നടന്ന എന്തിനെയെങ്കിലും പറ്റിയോ അല്ലെങ്കിൽ ഏക സിവിൽ കോഡിനെ പറ്റി എന്തെങ്കിലും ചോദിച്ചാൽ മന്ത്രിക്ക് പറയാൻ നൂറു നാവുമാണ്. ഇത് ഇപ്പോൾ പറയാൻ കാരണം, ബഹുമാനപെട്ട മുഖ്യമന്ത്രി പിണറായി വിജയൻറെ മകളും മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയൻ മാസപ്പടി വിവാദത്തിൽ പുകഞ്ഞു നിൽക്കുകയാണല്ലോ ?
സ്വന്തം കുടുംബത്തിൽ നടക്കുന്ന കാര്യത്തിന് പോലും മന്ത്രിക്ക് മറുപടിയില്ല. എന്നാൽ അവിടേം ഇവിടേം നടക്കുന്ന സകല കാര്യത്തിനും ചാടി ഓടി കിടന്നു മറിഞ്ഞു ഉത്തരം പറയാൻ റിയാസിനുണ്ട്. വഴിയേ പോയ വയ്യാവേലി വലിച്ച് തലേവെച്ചാലെന്തായിരിക്കും അവസ്ഥ? അതാണിപ്പോ വീണവിജയന്റെയും അച്ഛന്‍ പിണറായി വിജയന്റെയും അവസ്ഥ.
എന്നാൽ, എന്തൊക്കെ ന്യായീകരണം നേതാക്കൾ നടത്തിയാലും മാസപ്പടി വിവാദത്തിന്റെ സത്യാവസ്ഥ ജനങ്ങള്‍ക്ക് ബോധ്യമായ സ്ഥിതിക്ക് ഇനിയിപ്പോൾ ഓടി രക്ഷപെടാനൊന്നും സാധിക്കില്ല. എന്നാൽ, ഇപ്പോഴിതാ മാധ്യമങ്ങൾക്ക് മുൻപിൽ പെടാതെ മുങ്ങി നടക്കുന്ന മന്ത്രി മുഹമ്മദ്റിയാസിനെ ട്രോളി കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കർ മുഹമ്മദ് റിയാസിനെ വാരിയലക്കിയിരിക്കുന്നത്. ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്…എടോ തന്റെ ഭാര്യ മാസപ്പടി വാങ്ങിയോടോ? പാർട്ടി പറയും…എടോ തന്റെ ഭാര്യയുടെ കമ്പനി പൂട്ടിയോടോ? പാർട്ടി പറയും….എടോ തന്റെ ഭാര്യ നികുതി കൊടുത്തോടോ? പാർട്ടി പറയും…എടോ തനിക്ക് ഒന്നും പറയാനില്ലേടോ? വേണേൽ പേടിച്ചിരിക്കുന്ന ഫോട്ടോ തരാം…അല്ലാതെ വേറൊന്നും തനിക്ക് പറയാനില്ലേടോ? പാർട്ടി പറയും…ഇതാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക് പോസ്റ്റ്. നിരവധിപേരാണ് പോസ്റ്റിനെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം, വീണാ വിജയനെതിരെ ആദായനികുതി വകുപ്പ് കണ്ടെത്തിയ അതീവ ഗുരുതരമായ കാര്യം മാത്യു കുഴല്‍നാടന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ് സി.പി.എമ്മിനെ ഇപ്പോൾ ചൊടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തങ്ങള്‍ക്കെതിരെ ഒരു ശബ്ദവും, പ്രത്യേകിച്ച് കോണ്‍ഗ്രസുകാരുടെ ശബ്ദം ഉയരരുത് എന്ന താക്കീത് കൂടി നല്‍കാനാണ് മാത്യു കുഴല്‍നാടനെതിരായ ആരോപണം ഇപ്പോള്‍ സി.പി.എം പുറത്തുവിട്ടിരിക്കുന്നത്. മാത്യു കുഴല്‍നാടന് പങ്കാളിത്തമുള്ള കമ്പനി വാങ്ങിയ ഭൂമിയുടെയും അതിലെ കെട്ടിടത്തിന്റെയും കാര്യങ്ങള്‍ സര്‍ക്കാരിന് നേരത്തെ അറിയാവുന്നതാണെന്ന് വ്യക്തമാണ്. എന്നാൽ, അതിപ്പോള്‍ പുറത്തുവിട്ടത് ഇനി വീണയ്‌ക്കെതിരെ ശബ്ദിക്കരുത് എന്ന ഭീഷണി കൂടിയാണ്. എന്നാല്‍ പിണറായി വിജയന്റെ മയക്കുവെടികൊണ്ടൊന്നും താന്‍ പേടിക്കില്ലെന്ന് മാത്യു കുഴല്‍നാടന്‍ നയം വ്യക്തമാക്കിയതോടെ സി.പി.എം പാളിയിരിക്കുകയാണ്. എന്തായാലും വരും ദിവസങ്ങളിലെങ്കിലും പിണറായി വിജയനും മുഹമ്മദ് റിയാസും പ്രതികരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

