Sunday, October 11, 2026

ഗുണ്ടാ സംഘാംഗങ്ങൾ തമ്മിൽ തർക്കം; പെരുങ്കടവിളയിൽ ടിപ്പറിടിച്ച് കൊലക്കേസ് പ്രതി മരിച്ചു; ലോറി പിന്നോട്ടെടുത്ത് പലപ്രാവശ്യം ഇടിച്ചു; കൊലപാതകമെന്ന് സംശയം

നെയ്യാറ്റിൻകര: ടിപ്പറും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പെരുങ്കടവിള തോട്ടവാരം കുഴിവിളവീട്ടിൽ രഞ്ചിത്ത് (30) ആണ് ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ മരിച്ചത്. അതേസമയം സംഭവം കൊലപാതകമെന്ന ആരോപണമുയർത്തുകയാണ് നാട്ടുകാർ. മരിച്ച രഞ്ജിത്ത് അറിയപ്പെടുന്ന ഗുണ്ടയും കൊലക്കേസ് പ്രതിയുമാണ്. മാരായമുട്ടം ജോസ് കൊലക്കേസ് പ്രതിയാണ് രഞ്ജിത്ത്. അപകടത്തിനിടയാക്കിയ ലോറി ഓടിച്ചിരുന്ന ശരത്ത്, രഞ്ജിത്തിന്റെ സുഹൃത്തും ജോസ് കൊലക്കേസിൽ മറ്റൊരു പ്രതിയുമാണ്. അടുത്തകാലത്ത് ഇരുവരും തമ്മിൽ തെറ്റിയതായും കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായതായും നാട്ടുകാർ ആരോപിക്കുന്നു.

ഇന്ന് രാവിലെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന രഞ്ജിത്തിനെ ശരത്ത് ഓടിച്ചിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. നിലത്തുവീണ രഞ്ജിത്തിനെ ടിപ്പർ പിന്നോട്ടെടുത്ത് പലപ്രാവശ്യം വീണ്ടും ഇടിച്ചു. സമീപത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളെയും ടിപ്പർ ലോറി ഇടിച്ചു. പിന്നീട് വാഹനമോടിച്ചിരുന്ന പ്രതി ഓടി രക്ഷപെട്ടു. വിശദാംശങ്ങൾ പരിശോധിക്കുന്നതായും പ്രതിയെ പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മാരായമുട്ടം പോലീസ് അറിയിച്ചു. പ്രദേശത്തെ ഗുണ്ടാ സംഘങ്ങൾ വീണ്ടും ശക്തമാകുന്നു എന്നതിന്റെ സൂചനയാണ് കൊലപാതകമെന്ന് നാട്ടുകാർ ആരോപിക്കുന്നു. വൻ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് പ്രതികളെന്നും സൂചനയുണ്ട്.

Related Articles

Latest Articles