Sunday, May 19, 2024
spot_img

തിരുനക്കരയപ്പൻ്റെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചു

കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ടശേഷം അഞ്ചു കാണിക്കവഞ്ചികള്‍ കുത്തിപ്പൊളിച്ചു മോഷണം. പുലര്‍ച്ചെ 1.15നും 2.30നും ഇടയിലാണ് മോഷണം നടന്നിരിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വ്യക്തമായ ആസൂത്രണത്തോടെ എത്തിയ മോഷ്ടാവ് ക്ഷേത്രത്തിന്റെ വടക്കു വശത്തുള്ള മതില്‍ ചാടി കയറിയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്. തുടര്‍ന്ന് ആദ്യം തന്നെ സുരക്ഷാ ജീവനക്കാരന്റെ കാബിന്‍ പൂട്ടിയിട്ടു.

പിന്നീട് ആനക്കൊട്ടിലിനു സമീപമുള്ള കാണിക്കവഞ്ചി, തെളിച്ചപ്പന്തലിനു തെക്കും വടക്കുമുള്ള കാണിക്കവഞ്ചികള്‍, ശാസ്താനടയ്ക്കു സമീപമുള്ള കാണിക്കവഞ്ചി എന്നിവയാണ് കുത്തിപ്പൊളിച്ചത്.

കാണിക്കവഞ്ചിയിലുണ്ടായിരുന്ന നോട്ടുകള്‍ മാത്രമാണ് മോഷ്ടാവ് എടുത്തിരിക്കുന്നത്. ചില്ലറ തുട്ടുകള്‍ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചിടത്തു തന്നെ ഉപക്ഷേിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടു സിസിടിവി കാമറകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും തലതിരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പുലര്‍ച്ചെ 3.45ന് ക്ഷേത്രത്തില്‍ എത്തിയവരാണ് മോഷണം നടന്ന വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. മുഖംമൂടി ധരിച്ചു കൈയില്‍ ഗ്ലൗസും കമ്പിപ്പാരയുമായിട്ടാണു മോഷ്ടാവ് എത്തിയത്.

സുരക്ഷാ ജീവനക്കാരന്റെ കാബിന്‍ പൂട്ടിയിടുന്നതും തുടര്‍ന്നു കമ്പിപ്പാര ഉപയോഗിച്ച് അഞ്ചു കാണിക്ക വഞ്ചികള്‍ കുത്തിപ്പൊളിക്കുന്നതും കാണിക്കവഞ്ചിയിലെ നോട്ടുകള്‍ എടുത്തശേഷം മോഷ്ടാവ് മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്‍, എസ്‌ഐ ടി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles