Sunday, September 27, 2026

പൊലീസ് സ്റ്റേഷനില്‍നിന്ന് മൊബൈല്‍ മോഷണം; സിപിഎം നേതാവ് പിടിയിൽ

കൊല്ലം: പൊലീസ് ഉദ്യോ​ഗസ്ഥന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കിരണ്‍കുമാര്‍ (38) ആണ് പിടിയിലായത്. തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഇയാള്‍. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ നിന്നാണ് ഇയാള്‍ ഫോണ്‍ മോഷ്ടിച്ചത്.

തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ നശിപ്പിച്ചതിന് പൊലീസ് പിടികൂടിയ സിപിഎം പ്രവര്‍ത്തകന്‍ ബിനു ബോസിനെ ജാമ്യത്തിലിറക്കുന്ന വിവരം അന്വേഷിക്കാനാണ് കിരണ്‍കുമാര്‍ സ്റ്റേഷനിലെത്തിയത്. ഈ സമയം ജിഡി ചാര്‍ജ്ജിലുണ്ടായിരുന്ന എസ് സിപിഒ ഷാനവാസിന്റെ മൊബൈല്‍ കിരണ്‍ കൈക്കലാക്കിയ ശേഷം സുഹൃത്തായ രഞ്ജിത്തിനെ ഏല്‍പ്പിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. രഞ്ജിത്ത് ഫോണ്‍ തന്റെ വീട്ടില്‍ ഒളിപ്പിച്ചു.

ഫോണ്‍ കാണാതായതോടെ സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോളാണ് കിരണ്‍കുമാര്‍ മൊബൈല്‍ പോക്കറ്റിലിടുന്ന ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം മോഷണം സമ്മതിച്ചില്ലെങ്കിലും തെളിവ് സഹിതം കാണിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു കിരണ്‍. പിന്നീട് ഫോണ്‍ രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു.

Related Articles

Latest Articles