ആലപ്പുഴ: ആലപ്പുഴ മുതുകുളം ചിങ്ങോലി കാവില്‍പ്പടിക്കല്‍ ദേവീക്ഷേത്രത്തില്‍ വന്‍കവര്‍ച്ച.
ദേവീക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്ന് പത്തുപവനോളവും ബാക്കി ജീവതയില്‍ പിടിപ്പിക്കുന്ന സ്വര്‍ണവുമാണ് അപഹരിച്ചത്.
ദേവസ്വം ഓഫീസില്‍ സൂക്ഷിച്ചിരുന്ന ജീവതയുടെ ഉരുപ്പടികള്‍, ശ്രീകോവിലില്‍ ദേവിക്ക് ചാര്‍ത്തിയിരുന്ന മാല ഉള്‍പ്പെടെ മുക്കാല്‍ കിലോയോളം സ്വര്‍ണവും, 2,40,000 രൂപ എന്നിവ നഷ്ടപ്പെട്ടുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.
ജീവത പുതുക്കുന്നതിന്റെ ഭാഗമായി ഇരുവശത്തെയും സ്വര്‍ണക്കുമിളകള്‍, വ്യാളീമുഖം, തിരുമുഖം തുടങ്ങിയവ മിനുക്കുന്നതിനായാണ് ദേവസ്വം ഓഫീസില്‍ അഴിച്ചുവെച്ചത്.
ഇതിന്റെ പൂട്ടു തകര്‍ത്താണു മോഷ്ടാവ് അകത്തുകയറിയത്. വഴിപാട് കൗണ്ടറിന്റെ താഴും തല്ലിത്തുറന്നു. ഇവിടെനിന്നാണ് ഇരുപതിനായിരം രൂപയോളം നഷ്ടമായത്.
കഴിഞ്ഞ ദിവസം ചൊവ്വാഴ്ച പുലര്‍ച്ചേ 3.45-ന് മുറ്റംതൂക്കാനെത്തിയവരാണു വഴിപാടുകൗണ്ടര്‍ തുറന്നുകിടക്കുന്നത് ആദ്യം കണ്ടത്. ഇവര്‍ ഉടന്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റ് മുഞ്ഞിനാട്ടു രാമചന്ദ്രന്‍, സെക്രട്ടറി വേണുഗോപാലന്‍ നായര്‍ എന്നിവരെ അറിയിച്ചു.
അവര്‍ പരിശോധിച്ചപ്പോഴാണു ചുറ്റമ്പലത്തിന്റെ പടിഞ്ഞാറുവശത്തെ വാതില്‍ തുറന്നുകിടക്കുന്നതും ശ്രീകോവില്‍ തുറന്നു മോഷണംനടത്തിയിരിക്കുന്നതും കണ്ടത്.
കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബി, കരീലക്കുളങ്ങര എസ്.ഐ. എ. ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തി. ഫൊറന്‍സിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലയാള വിദഗ്ധരായ എസ്. വിനോദ്കുമാര്‍, എസ്. സന്തോഷ് എന്നിവരും തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു.
മണംപിടിച്ച പോലീസ് നായ മുക്കുവശ്ശേരി പള്ളിക്കു തെക്കോട്ട് മൂന്നര കിലോമീറ്ററോളം അകലെ വടക്കെടുത്തുഭാഗംവരെ ഓടിച്ചെന്നു. ഓടിനുമുകളില്‍ക്കയറി ലോഹവല മാറ്റിയാണു മോഷ്ടാവ് ചുറ്റമ്പലത്തില്‍ കടന്നത്. ഇതിനുള്ളിലെ ചെറിയമുറി തുറന്നാണു ഭിത്തിയില്‍ തൂക്കിയിരുന്ന താക്കോലെടുത്തു ശ്രീകോവില്‍ തുറന്നത്. ശ്രീകോവിലിനുള്ളില്‍ ഒരുപാത്രത്തിലായാണു രണ്ടുലക്ഷത്തിലധികം രൂപവെച്ചിരുന്നത്.
അതേസമയം നിരോധനാജ്ഞയെത്തുടര്‍ന്ന് എല്ലായിടങ്ങളിലും പോലീസ് വാഹനപരിശോധനയുള്‍പ്പെടെ നടത്തുന്നുണ്ട്. അതിനാല്‍ ദൂരെനിന്നുള്ളവര്‍ എത്താനുള്ള സാധ്യതയും കുറവാണ്. കായംകുളം ഡിവൈ.എസ്.പി. അലക്‌സ് ബേബിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്.

