Wednesday, December 17, 2025

യൂറോപ്പ ലീഗ് ഫൈനലിലെ തോൽവിയിൽ വിറളി പൂണ്ട് റോമാ ആരാധകർ! വിമാനത്താവളത്തിൽ റഫറിക്കുനേരെ കൈയ്യേറ്റ ശ്രമം

ബുഡാപെസ്റ്റ് : യൂറോപ്പ് ലീഗ് ഫൈനലിലെ തോൽവിക്ക് പിന്നാലെ മത്സരം നിയന്ത്രിച്ച റഫറിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച് എ.എസ്.റോമ ആരാധകര്‍. ഇംഗ്ലണ്ടുകാരനായ റഫറി ആന്റണി ടെയ്‌ലറെയും കുടുംബത്തെയുമാണ് ആരാധകര്‍ വിമാനത്താവളത്തിൽ വച്ച് കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. മഞ്ഞക്കാർഡുകളുടെ പെരുമഴ കണ്ട ഫൈനലില്‍ ഇറ്റാലിയൻ ക്ലബായ റോമയെ കീഴടക്കി സ്പാനിഷ് ക്ലബ് സെവിയ്യയാണ് കിരീടം നേടിയത്.

മത്സരത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍വെച്ചാണ് റഫറിയ്ക്കും കുടുംബത്തിനുമെതിരേ ആരാധകര്‍ ആക്രമണം നടത്തിയത്. കസേരയും വെള്ളക്കുപ്പികളുമെല്ലാം ആരാധകര്‍ ആന്റണി ടെയ്‌ലറിനെതിരെ വലിച്ചറിഞ്ഞു.

മത്സരത്തില്‍ റഫറി സെവിയ്യയ്ക്കനുകൂലമായാണ് നിന്നതെന്നാണ് റോമ ആരാധകർ ആരോപിക്കുന്നത്. റോമ പരിശീലകന്‍ ഹോസെ മൗറീന്യോയും റഫറിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. റഫറി സ്പാനിഷുകാരനാണെന്നാണ് മൗറീന്യോ തുറന്നടിച്ചത്. നിശ്ചിത സമയത്തും അധികസമയത്തും മത്സരം 1-1 ന് സമനിലയില്‍ നിന്നതിനാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ 4-1 നാണ് സെവിയ്യ ജയിച്ചത്.

Related Articles

Latest Articles