Monday, January 5, 2026

മൂന്നുമാസം കൊണ്ട് പിണറായി സർക്കാർ, സാധാരണക്കാരിൽ നിന്ന് പിഴിഞ്ഞെടുത്തത് 125 കോടി;കണക്കുകൾ പുറത്ത്

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എന്നപേരിൽ കേരളാ പോലീസ് സാധാരണക്കാരെ പിഴിഞ്ഞെടുക്കുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് സർക്കാർ ഖജനാവിൽ നിറച്ചത്. ലോക്ക്ഡൗൺ തുടങ്ങിയ മെയ് 8 മുതൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച ഓഗസ്റ്റ് 4 വരെ പോലീസ് പകർച്ചാവ്യാധി നിയമപ്രകാരം ചുമത്തിയത് 17.75 ലക്ഷം കേസുകളാണ്. ഇത്തരത്തിൽ ഖജനാവിലേക്ക് മുതൽക്കൂട്ടിയത് 125 കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ കാലയളവിൽ തന്നെ മാസ്ക് ധരിക്കാത്തതിന് 10.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് മാസ്ക് ധരിക്കാത്തതിന് 500 രൂപയാണ് പിഴ. ഇതുപ്രകാരം 10.7 ലക്ഷം കേസുകളിൽ നിന്ന്, സർക്കാർ 53.6 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്.

അതേസമയം സർക്കാർ കഴിഞ്ഞ ഒരാഴ്ച കൊണ്ട് പിഴയായി സാധാരണക്കാരിൽ നിന്ന് മാത്രം പിഴിഞ്ഞെടുത്തത് 5.15കോടി രൂപയാണ്. ഉപയോഗിക്കുന്നവരെ സംബന്ധിച്ച്‌ മാസ്‌കിനെ കുറിച്ച്‌ രണ്ടഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരുകളെ സംബന്ധിച്ച് അതിന് സാധ്യതയില്ല. മാസ്‌ക് നല്ലതാണെന്നെ സര്‍ക്കാരുകള്‍ വാദിക്കാന്‍ തരമുള്ളു. കാരണം അത്രയേറെ സഹായകമാണ് സംസ്ഥാന ഖജനാവിന് മാസ്‌ക് കൊണ്ട് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ് മാസ്ക് തന്നെയാണ്. ആദ്യം കേള്‍ക്കുമ്പോള്‍ വിറ്റുവരവോ നികുതിയോ ആണെന്നൊക്കെ തോന്നിയേക്കാം. പക്ഷെ സംഭവം അതല്ല.പിഴയിനത്തില്‍ ലഭിക്കുന്ന തുകയിലുടെയാണ് മാസ്‌ക് ഖജനാവിന് അനുഗ്രഹമാകുന്നത്.

എന്നാൽ കാസർഗോഡ് മാസ്ക് വെച്ച് പുല്ലരിയാൻ പോയ ഒരു സാധാരണ കർഷകന് 2000 രൂപയാണ് പോലീസ് പിഴയായി വിധിച്ചത്. ഇത് മാത്രമല്ല ഇത്തരത്തിൽ നിരവധി സംഭവങ്ങളും പരാതികളും പോലീസുകാർക്കെതിരെ തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും പിണറായി സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നതാണ് സത്യം. ഖജനാവ് നിറയ്ക്കാൻ പോലീസിനെക്കൊണ്ട് സാധാരണക്കാരെ പിഴിഞ്ഞു കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.

സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പോലീസ് പിഴയീടാക്കിയത് 54.88 കോടി രൂപ. ഓഗസ്റ്റില്‍ ആറുദിവസം കൊണ്ടുമാത്രം 5.15 കോടി രൂപയാണ് പിഴയീടാക്കിയത്. കഴിഞ്ഞമാസത്തെ കണക്കുകള്‍ പ്രകാരം ദിവസം ശരാശരി 70 ലക്ഷം രൂപ മാസ്‌കിന്റെ പേരില്‍ പിഴയായി ലഭിക്കുന്നുണ്ട്. മേയില്‍ 13 കോടി, ജൂണില്‍ 15 കോടി, ജൂലായില്‍ 21.73 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ബുധനാഴ്ച 80.36 ലക്ഷം, വ്യാഴാഴ്ച 79.23 ലക്ഷം, വെള്ളിയാഴ്ച 74.19 ലക്ഷം എന്നിങ്ങനെ പിഴചുമത്തി. കഴിഞ്ഞ തിങ്കളാഴ്ച ഒരുകോടി രൂപയാണ് പിഴയായി ലഭിച്ചത്. സാമൂഹിക അകലം പാലിക്കാതിരിക്കുക, ലോക്ഡൗണ്‍ ലംഘിച്ച്‌ വാഹനവുമായി പുറത്തിറങ്ങുക, വ്യാപാര സ്ഥാപനങ്ങള്‍ അനധികൃതമായി തുറക്കുക, സമ്പര്‍ക്കവിലക്ക് ലംഘിക്കുക, അനുവദനീയമായതില്‍ കൂടുതല്‍ പേരെ സംഘടിപ്പിച്ച്‌ ചടങ്ങുകള്‍ സംഘടിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് 2000 മുതല്‍ 3000 വരെ രൂപയാണ് പിഴയീടാക്കുന്നത്. ദിവസം 3000-ഓളം വാഹനങ്ങള്‍ പിടിച്ചെടുക്കുന്നുണ്ട്. 55 മുതല്‍ 60 വരെ ലക്ഷം രൂപ ഈ വിധത്തില്‍ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles