Friday, May 17, 2024
spot_img

‘കോവിഡ് കേസുകൾ വീണ്ടും ഉയർന്നാൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും’ എന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ; അതീവ ജാഗ്രതയിൽ സംസ്ഥാനം

മുംബൈ: മഹാരാഷ്ട്രയിൽ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്.ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കൂടി മാനിച്ചാണ് ഇത്തരത്തിലൊരു പ്രസ്താവന മുഖ്യമന്ത്രി പറഞ്ഞത്. മാത്രമല്ല ചില ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും മറ്റ് ചിലയിടത്ത് കോവിഡ് മഹാമാരി വർദ്ധിക്കുന്നതായി കാണുന്നുണ്ടെന്നും താക്കറെ പറഞ്ഞു.

‘മറ്റ് സംസ്ഥാനങ്ങളിൽ ഇപ്പോൾ കോവിഡ് വ്യാപനത്തിൻറെ വർദ്ധനവ് കാണുന്നു. നമ്മുടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെങ്കിൽ, ഒരു ലോക്ക്ഡൗൺ കൂടി ഉണ്ടാകും, ” താക്കറെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

“പൂനെയിലും പിംപ്രി ചിഞ്ച്‌വാഡിലും കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, സംസ്ഥാനത്തെ ചില ജില്ലകളായ സിന്ധുദുർഗ്, രത്‌നഗിരി, റായ്ഗഡ്, കോലാപ്പൂർ, സത്താര, അഹമ്മദ് നഗർ, ബീഡ് എന്നിവിടങ്ങളിൽ കോവിഡ് ഇപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിൽ, കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ ഏകദേശം 20 ലക്ഷം ആളുകളെ ബാധിച്ചിരുന്നു എന്നും , രണ്ടാമത്തെ തരംഗത്തിൽ ഏകദേശം 40 ലക്ഷമ ആളുകളെയും ബാധിച്ചിരുന്നു ,എന്നും വീണ്ടുമൊരു സാഹചര്യം വന്നാൽ, മൂനാം തരംഗം വന്നാൽ നേരിടാൻ വേണ്ടി സംസ്ഥാന സർക്കാർ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.

നിലവിൽ മഹാരാഷ്ട്രയിൽ 600 ടെസ്റ്റിംഗ് ലാബുകളുണ്ട്, ഐസൊലേഷൻ ബെഡുകളുടെ എണ്ണം 4.5 ലക്ഷമായി ഉയർത്തിയിട്ടുണ്ട്, അതേസമയം 34,507 ഐസിയു കിടക്കകളും 1,10,683 ഓക്സിജൻ ബെഡുകളും ലഭ്യമാണെന്നും, സംസ്ഥാനത്ത് നിലവിൽ 13,500 വെന്റിലേറ്ററുകളുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന് വലിയ വാക്സിനേഷൻ ശേഷിയുണ്ട്. കൂടാതെ നമുക്ക് ഒരു ദിവസം എട്ടു മുതൽ പത്ത് ലക്ഷം വരെ ആളുകൾക്ക് വാക്സിനേഷൻ നൽകാം, എന്നാൽ വാക്സിനുകളുടെ ലഭ്യത പരിമിതമായതിനാൽ, മാസ്ക് ഇന്ന് നമ്മുടെ യഥാർത്ഥ സംരക്ഷകനാണ്, ”അദ്ദേഹം പറഞ്ഞു.

അതേസമയം ലോക്ക്ഡൗൺ ഇളവുകൾ ഉടൻ ഉണ്ടാകുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യങ്ങൾ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും മുഖ്യമന്ത്രി ലോക്ക്ഡൗൺഏർപ്പെടുത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ലോക്കല്‍ ട്രെയിനുകൾ ഉടൻ പുനസ്ഥാപിക്കേണ്ടതുണ്ട്. എന്നാൽ ഇത്തരത്തിൽ ഇളവുകൾ നൽകുന്നത് കോവിഡിന്റെ മറ്റൊരു തരംഗത്തിന് കാരണമാകില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാസം ഓഗസ്റ്റ് 2-ന് മഹാരാഷ്ട്രയിലെ മുംബൈ അടക്കമുള്ള 25 ജില്ലകളിൽ ലോക്ക്ഡൗൺ ഇളവ് പ്രഖ്യാപിച്ചിരുന്നു. ഇവിടെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ കുറവായതിന് പിന്നാലെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

കടകൾ രാത്രി 8 മണിവരെ പ്രവർത്തിക്കാം. ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും വൈകുന്നേരം 4 മണിവരെ 50 ശതമാനം ആളുകളെ പ്രവേശിപ്പിക്കാം. വ്യായാമ കേന്ദ്രങ്ങള്‍, സ്പാ, യോഗ സെന്ററുകൾ, സലൂണുകൾ എന്നിവ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി രാത്രി 8 മണിവരെ പ്രവർത്തിക്കാം. അതേസമയം സ്വകാര്യ, സർക്കാർ ഓഫീസുകളിലെ എല്ലാ ജോലിക്കാരെയും ഉൾപ്പെടുത്തി പൂർണ്ണമായും പ്രവർത്തിക്കാമെന്നും ഇളവുകളിൽ പറയുന്നുണ്ടായിരുന്നു. അതേസമയം ലോക്കല്‍ ട്രെയിനുകളിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവരെ ഉൾപ്പെടുത്തി യാത്ര അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ഹോട്ടൽ, റെസ്റ്റോറന്റ് പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നുവെന്നും വൈകുന്നേരം 4 മണിക്ക് ശേഷം പ്രവർത്തന സമയം നീട്ടണമെന്ന് അവർ ആവശ്യപ്പെട്ടതായും ഉദ്ധവ് താക്കറെ പറഞ്ഞു. നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി ഇളവ് വരുത്തുമെന്ന് അവരോട് വിശദീകരിച്ചതായി താക്കറെ കൂട്ടിച്ചേർത്തു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles