Saturday, January 10, 2026

“കരുത്ത് കൂട്ടാൻ ഭാരതം”, വ്യോമസേനയ്ക്ക് 83 അത്യാധുനിക തേജസ് ജെറ്റുകള്‍ കൂടി; 48000 കോടിയുടെ കരാറിന് അംഗീകാരം

ദില്ലി: ഭാരതത്തിൽ തദ്ദേശീയമായി വികസിപ്പിക്കുന്ന യുദ്ധവിമാനങ്ങള്‍ വാങ്ങാനായി 48000 കോടി രൂപയുടെ കരാര്‍ അംഗീകരിച്ചുകൊണ്ട് കാബിനറ്റ് കമ്മിറ്റി അനുമതി നല്‍കി. വ്യോമസേനയ്ക്ക് കരുത്തേകാന്‍ വേണ്ടിയാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ (എച്ച്‌എഎല്‍) നിന്നും 83 അത്യാധുനിക തേജസ് ജെറ്റുകള്‍ വാങ്ങാനുള്ള തീരുമാനം.

കോംബാറ്റ് എയര്‍ക്രാഫ്റ്റായ തേജസ് വാങ്ങാന്‍ കാബിനറ്റ് കമ്മിറ്റി 48,000 കോടി രൂപയുടെ കരാറിന് അനുമതി നല്‍കി. സൈനിക വ്യോമയാന മേഖലയിലെ ഏറ്റവും വലിയ തദ്ദേശ കരാറാണിത്. ഭാരകുറഞ്ഞ യുദ്ധ വിമാനങ്ങളുടെ(എല്‍സിഎ) വിഭാഗത്തില്‍പ്പെട്ട 73 തേജസ് എംകെ-1എ യുദ്ധവിമാനങ്ങള്‍, 10 തേജസ് എംകെ-1 വിഭാഗത്തില്‍പ്പെട്ട പരിശീലനവിമാനങ്ങള്‍ എന്നിവയ്ക്ക് മാത്രം 45,696 കോടി ചെലവാകും. ഇതോടൊപ്പം 1202 കോടി രൂപയ്ക്ക് അടിസ്ഥാനസൗകര്യങ്ങളുടെ ഡിസൈനും വികസനത്തിനും കരാറായി.

‘വ്യോമസേനയുടെ വിമാനവ്യൂഹത്തിന് കരുത്തേകാന്‍ തദ്ദേശീയമായി വികസിപ്പിച്ച എല്‍സിഎ തേജസ് യുദ്ധജെറ്റുകള്‍ സംഭരിക്കാന്‍ 48000 കോടിരൂപയുടെ കരാര്‍ അംഗീകരിച്ചു,’ തീരുമാനം വിശദീകരിച്ചുകൊണ്ട് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രതിരോധനിര്‍മ്മാണ രംഗത്ത് ഇന്ത്യ സ്വയംപര്യാപ്തത കൈവരിക്കുന്നതില്‍ ഈ കരാര്‍ ഒരു വലിയ ഗതിമാറ്റംകുറിക്കുമെന്നും രാജ്‌നാഥ് സിംഗ് ട്വിറ്റര്‍ കുറിപ്പില്‍ വിശദീകരിച്ചു.

സര്‍വ്വീസിനും അറ്റകുറ്റപ്പണിയ്ക്കുമുള്ള വ്യോമസേനയുടെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനാണ് 1202 കോടി രൂപ ചെലവഴിക്കുക. ഇത് വ്യോമസേനയ്ക്ക് അവരുടെ വിമാനവ്യൂഹം കൂടുതല്‍ ഫലപ്രദമായി നിലനിര്‍ത്താന്‍ സഹായിക്കും. യുദ്ധവിമാനങ്ങളുടെ നിര്‍മ്മാണക്കരാര്‍ ഏറ്റെടുക്കുന്നതോടെ തദ്ദേശീയമായി യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ച്‌ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ആത്മനിര്‍ഭര്‍ ഭാരതതിന് പുതിയ ഉണർവ് നല്‍കും.

Related Articles

Latest Articles