രാഷ്ട്രീയ സ്വയം സേവക് സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിൻ്റെ ബെംഗളൂരുവിലെ ദ്വിദിന പ്രഭാഷണ പരമ്പരയ്ക്ക് നാളെ തുടക്കമാകും.സംഘയാത്രയുടെ നൂറ് വർഷം: പുതിയ ചക്രവാളങ്ങൾ എന്നതാണ് വിഷയം. ആർഎസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തിൽ ദില്ലിയിൽ നടന്ന സംവാദപരമ്പരയുടെ തുടർച്ചയായാണ് പരിപാടി.
രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിൽ (ദില്ലി , ബെംഗളൂരു, മുംബൈ, കൊൽക്കത്ത) സർസംഘചാലക് നടത്തുന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാമത്തേതാണ് ബെംഗളൂവിൽ നടക്കുന്നത്. ബനശങ്കരിയിലെ ഹൊസെരഹള്ളി റിംഗ് റോഡിലുള്ള പി.ഇ.എസ്. യൂണിവേഴ്സിറ്റിയിൽ വെച്ചാണ് പരിപാടി.ക്ഷണിതാക്കൾക്ക് മാത്രമായി പ്രവേശനം അനുവദിച്ചിട്ടുള്ള ഈ പരിപാടിയിലേക്ക് കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 1,200-ഓളം പ്രമുഖരെയാണ് ക്ഷണിച്ചിരിക്കുന്നത്. വിദ്യാഭ്യാസം, സാഹിത്യം, സംസ്കാരം, കല, ശാസ്ത്രം, ഭരണനിർവഹണം, പത്രപ്രവർത്തനം, കായികം, വ്യവസായം, സാമൂഹ്യ സേവനം, ആത്മീയത തുടങ്ങിയ മിക്കവാറും എല്ലാ മേഖലകളിലെയും പ്രമുഖർ ക്ഷണിതാക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
നാളെ വൈകുന്നേരം 4:00 മുതൽ 7:30 വരെയാണ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിൻ്റെ പ്രഭാഷണം. (രണ്ട് സെഷനുകൾ) മറ്റന്നാൾ രാവിലെ 10:30 മുതൽ 1:30 വരെ ക്ഷണിതാക്കളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകും. (രണ്ട് സെഷനുകൾ) തത്സമയ സംപ്രേക്ഷണംപരിപാടി ആർഎസ്എസ്സിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും.
ഈ പ്രഭാഷണ പരമ്പര ഒരു ആഭ്യന്തര പരിപാടിയായിട്ടാണ് നടത്തുന്നത് എന്നതിനാൽ, മാദ്ധ്യമ പ്രവർത്തകർക്ക് ഓഡിറ്റോറിയത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇലക്ട്രോണിക് മാദ്ധ്യമങ്ങൾക്കായി ഓഡിറ്റോറിയത്തിന് പുറത്ത് തത്സമയ സംപ്രേക്ഷണത്തിനുള്ള ഔട്ട്പുട്ട് ലഭ്യമാക്കും. പരിപാടിയുടെ ചിത്രങ്ങളും റിപ്പോർട്ടുകളും യൂട്യൂബ് ലൈവ് സ്ട്രീമിംഗ് ലിങ്കുകളും മാദ്ധ്യമങ്ങൾക്ക് നൽകുന്നതായി സംഘാടകർ അറിയിച്ചു.

