കോവിഡ് വ്യാപന സാഹചര്യത്തിൽ ചൈനയുൾപ്പെടെ ആറു രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഇന്ത്യ. ചൈന, ഹോങ്കോങ്ങ്, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, തായ് ലാന്റ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നുവർക്കാണ് ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ഡൽഹി അടക്കമുള്ള വിമാനത്താവളങ്ങളിൽ ആർടിപിസിആർ പരിശോധനാ ഫലം എയർ സുവിധ പോർട്ടലിൽ അപ്ലോഡ് ചെയ്ത് പരിശോധിക്കും.
ഈ നിബന്ധന കൂടുതൽ രാജ്യങ്ങൾക്ക് ബാധകമാക്കണമോ എന്ന കാര്യവും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റീനിൽ പ്രവേശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുക് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു കഴിഞ്ഞു
ചൈന, ജപ്പാൻ, തായ്ലാൻഡ്, ഹോങ്കോംഗ്, തെക്കൻ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള മുഴുവൻ യാത്രക്കാരിലും മറ്റുള്ള രാജ്യങ്ങളിൽ നിന്ന് വരുന്ന രണ്ട് ശതമാനം യാത്രക്കാരിലും ആർടിപിസിആർ പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയച്ചിട്ടുണ്ട്. അടുത്ത 40 ദിവസം രാജ്യത്ത് നിർണായകമാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പരിശോധനയും നിരീക്ഷണവും കൂട്ടാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു.
ചൈനയിലെ കോവിഡ് വ്യാപനത്തെ തുടർന്നാണ് നിയമങ്ങൾ കർശനമാക്കുന്നത്. യുഎസ്, ഇന്ത്യ, ഇറ്റലി എന്നിവയ്ക്കു പിന്നാലെയാണ് കൂടുതൽ രാജ്യങ്ങൾ കൊവിഡ് നിയമങ്ങൾ കർശനമാക്കിയത്. സ്പെയിൻ, ദക്ഷിണ കൊറിയ, ഇസ്രായേൽ എന്നിവരാണ് കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച മറ്റു രാജ്യങ്ങൾ.

