കൊൽക്കത്ത അന്താരാഷ്ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയെന്നാരോപിച്ച് പ്രമുഖ നടി രൂപാ ദത്തയെ (Rupa Dutta) അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം. പുസ്തകമേള നടക്കുന്ന സമയത്ത് ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് വലിച്ചെറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് സംശയം തോന്നി. പോലീസ് യുവതിയെ ചോദ്യം ചെയ്യുകയും, സ്ത്രീയുടെ ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗില്‍ നിന്നും 75,000 രൂപ കണ്ടെടുത്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനുപിന്നിൽ സിനിമ-സീരിയല്‍ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറയുന്നു. യുവതിയെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പോക്കറ്റടിയുടെ കാര്യം നടി സമ്മതിച്ചു. നിരവധി മേളകളിലും പരിപാടികളിലും താൻ പങ്കെടുത്തിട്ടുണ്ടെന്നും അവിടെ തിരക്കേറിയ സ്ഥലങ്ങളിൽ പോയി ആളുകളുടെ പഴ്സ് മോഷ്ടിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. ഏതാനും വർഷങ്ങൾക്ക് മുമ്പ് സിനിമാ നിർമ്മാതാവ് അനുരാഗ് കശ്യപിനെതിരെ രൂപാ ദത്ത വ്യാജ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.

