Friday, May 10, 2024
spot_img

ഇന്ത്യയിലെ നല്ല സുഹൃത്തിനെ മറക്കില്ല: സുഷമ സ്വരാജിന് ആദരാജ്ഞലി അർപ്പിച്ച് ലോക നേതാക്കൾ

ദില്ലി: മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്‍റെ വിയോഗത്തിൽ ലോകനേതാക്കൾ അനുശോചനം അറിയിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആദരാജ്ഞലി അർപ്പിക്കുകയും കുടുംബത്തിന്‍റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ചെയ്തു. സുഷമ ബംഗ്ലാദേശിന്‍റെ നല്ല സുഹൃത്തായിരുന്നു. അവരുടെ മരണത്തോടെ നല്ല സുഹൃത്തിനെ നഷ്ടമായി. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം പുതിയ ഉയരത്തിലേക്ക് കൊണ്ടു പോകുന്നതിൽ സുഷമാ സ്വരാജ് നൽകിയ സംഭാവന ബംഗ്ലാദേശ് എന്നും ഓർമിക്കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി പറഞ്ഞു.

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലിയും സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചിച്ചു. സുഷമയുടെ മരണ വാർത്ത കേട്ടപ്പോൾ അമ്പരന്നു പോയി. ഇന്ത്യയിലെ ജനങ്ങളുടെയും സുഷമാ സ്വരാജിന്‍റെ കുടുംബത്തിന്‍റെയും ദു:ഖത്തിനൊപ്പം ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇറാൻ വിദേശകാര്യമന്ത്രി ജവാദ് സരീഫും സ്വരാജിന്‍റെ മരണത്തിൽ അനുശോചിച്ചു. സുഷമയുമായി നടത്തിയ ഫലപ്രദമായ ചർച്ചകളെ അദ്ദേഹം അനുസ്മരിച്ചു. മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍റെ മരണത്തിൽ ഇന്ത്യയിലെ ജനങ്ങളുടെ ദു:ഖത്തിനൊപ്പം ചേരുന്നു. സുഷമാ സ്വരാജിന്‍റെ പെട്ടെന്നുളള മരണത്തിൽ ഞാൻ ദു:ഖിതനാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ട്വീറ്റ് ചെയ്തു.

മുൻ ഇസ്രായേൽ അംബാസഡർ ഡാനിയേൽ കാർമോനും സുഷമാ സ്വരാജിനെ അനുസ്മരിച്ചു. 2016 ൽ സുഷമാ സ്വരാജിന്‍റെ ജെറുസലേം സന്ദർശം അനുസ്മരിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് വളരെ സഹായം ചെയ്യുന്ന വ്യക്തിയായിരുന്നു സുഷമാ സ്വരാജെന്നും മുന്‍ ഇസ്രായേല്‍ അംബാസിഡര്‍ പറഞ്ഞു. ഇസ്രായേലുമുളള സുഷമയുടെ സൗഹൃദം മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രിയ സഹോദരി ഞങ്ങളോടൊപ്പം ഇല്ലെന്നായിരുന്നു ബഹ്റിന്‍ വിദേശകാര്യമന്ത്രി ഖാലിദ് ബിൻ അഹമ്മദിന്‍റെ പ്രതികരണം. സമാധാനത്തിൽ വിശ്രമിക്കൂ.എന്‍റെ സഹോദരാ എന്ന് സുഷമ ഇനി വിളിക്കില്ല.ഇന്ത്യയും ബഹ് റൈനും നിങ്ങളെ എന്നും ഓർമ്മിക്കുമെന്ന് സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ പങ്ക് ചേര്‍ന്ന് ബഹ്റിന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.

റഷ്യൻ വിദേശകാര്യമന്ത്രാലയം സ്വരാജിന് ആദരാജ്ഞലി അർപ്പിച്ചു. ഈ സൗഹൃദം രാജ്യം മറക്കില്ല. ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ആദരാജ്ഞലി അർപ്പിക്കുന്നുവെന്ന് റഷ്യ അറിയിച്ചു.

Related Articles

Latest Articles