തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെ കുരുക്കിലാക്കുന്ന മൊഴിയുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി. താൻ സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ ഈ സ്വർണ്ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും അതിൽ ഉദ്യോഗസ്ഥർ അടക്കം വലിയ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നുമാണ് പോറ്റിയുടെ മൊഴി.
പാളികളിലെ സ്വർണം തട്ടിയെടുക്കാൻ ആസൂത്രിത ശ്രമം നടന്നതായും രണ്ടു മുതൽ പത്ത് വരെ പ്രതികൾക്ക് അന്യായമായ ലാഭമുണ്ടാക്കാൻ പോറ്റി ഇടപ്പെട്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിന് പുറമെ പോറ്റിയെ കരുവാക്കി സ്വർണം തട്ടിയെടുക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുരാരിബാബു, സുധീഷ് കുമാർ അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രതികൾക്ക് പോറ്റി ഒത്താശ ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് അന്യായമായ നഷ്ടവും തങ്ങൾക്ക് അന്യായ ലാഭവും ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയും കരുതലോടെയുമാണ് ഈ വിശ്വാസവഞ്ചന നടത്തിയത്. സ്വർണം തട്ടിയെടുത്ത് ലാഭം നേടിക്കൊടുക്കാൻ വേണ്ടിയാണ് ഉണ്ണികൃഷ്ണൻ പോറ്റി ശ്രമിച്ചത് എന്ന ഗുരുതരമായ ആരോപണം റിമാൻഡ് റിപ്പോർട്ടിലുണ്ട്. മറുവശത്ത് സ്പോൺസർമാരെ കണ്ടെത്താൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കഴിയുമെന്ന് മനസിലായതോടെ മുരാരിബാബു അടക്കമുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ ഉള്ളിൽ തോന്നിയ കുശാഗ്ര ബുദ്ധിയാണോ ഈ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ എന്ന സംശയവും ഉയരുന്നുണ്ട്.

