ശബരിമല ഹബ്ബ്; പമ്പയിലേക്ക് പത്തനംതിട്ട സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി; വിശദാംശങ്ങൾ ഇങ്ങനെ..

0
sabarimala-pilgrimage-more-bus-services-from-pampa
sabarimala-pilgrimage-more-bus-services-from-pampa

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ബസ് സ്റ്റാൻഡിലെ ശബരിമല ഹബിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച് കെ.എസ്.ആർ.ടി.സി

പത്തനംതിട്ട-പമ്പ ചെയിൻ സർവീസാണ് ട്രയൽ റണ്ണായി ആരംഭിച്ചത്. രണ്ടു ദിവസമാണ് ട്രയൽ റൺ നടക്കുക. മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചാണ് ഈ നീക്കം.

മാത്രമല്ല മറ്റു ജില്ലകളിൽ നിന്നും പത്തനംതിട്ട വഴി പമ്പയിലേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ പത്തനംതിട്ടയിൽ സർവീസ് അവസാനിപ്പിക്കും.

ഈ ബസുകളിൽ വരുന്ന തീർഥാടകർക്ക് പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ശബരിമല ഹബിൽ രണ്ടു മണിക്കൂർ വിശ്രമത്തിന് ശേഷം പത്തനംതിട്ട-പമ്പ കണക്ട് ബസുകളിൽ യാത്രചെയ്യാം. ശബരിമല ഹബിനോടനുബന്ധിച്ചുള്ള സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും പ്രവർത്തനം ആരംഭിച്ചു.

ശബരിമല തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പമ്പയിലെത്തിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ ചെയ്തിട്ടുള്ളതെന്ന് കെ.എസ്.ആർ.ടി.സി സൗത്ത് സോൺ എക്‌സിക്യുട്ടീവ് ഡയറക്ടർ ജി. അനിൽ കുമാർ പറഞ്ഞു.

ഹബ്ബിന്റെ തുടക്കത്തിൽ 15 ബസുകളാണ് സർവീസ് നടത്തുക. ഇവിടെ നിന്നും 24 മണിക്കൂറും യാത്രക്കാർക്ക് സേവനം ലഭ്യമാക്കും. ദീർഘദൂര സ്ഥലങ്ങളിൽ പത്തനംതിട്ട നഗരത്തിലൂടെ കെ.എസ്.ആർ.ടി.സി ബസിൽ വരുന്ന തീർത്ഥാടകർക്ക് പമ്പ വരെയുള്ള യാത്രയ്‌ക്കായി ഒരു തവണ ടിക്കറ്റ് എടുത്താൽ മതിയാകും. അതേ ടിക്കറ്റ് ഉപയോഗിച്ച് പത്തനംതിട്ടയിൽ നിന്ന് പമ്പയിലേക്ക് ചെയിൻ സർവീസിലും യാത്ര ചെയ്യാം.

കൂടാതെ പത്തനംതിട്ട സ്റ്റാൻഡിൽ എത്തുമ്പോൾ ബസിൽ നിന്നും ഇറങ്ങി വിശ്രമിക്കുന്നതിനും ആവശ്യമെങ്കിൽ വിരിവയ്‌ക്കാൻ ഇടം, ഭക്ഷണം കഴിക്കാനും ടോയ്‌ലറ്റ് ഉപയോഗിക്കാനും സൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഹബിൽനിന്ന് പമ്പയിലേക്ക് പോകുന്ന ബസുകൾ ഭക്ഷണത്തിനോ വിശ്രമത്തിനോ ആയി മറ്റെവിടെയും നിർത്തുകയില്ല.

ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക്;
ടോൾ ഫ്രീ- 18005994011
ഫോൺ: 0468 2222366
കെഎസ്ആർടിസി, കൺട്രോൾറൂം (247) മൊബൈൽ – 9447071021, ലാൻഡ്‌ലൈൻ – 0471-2463799 സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (247) വാട്സാപ്പ് – 8129562972