Wednesday, April 24, 2024
spot_img

ദത്ത് കേസിൽ ഇന്ന് നിർണ്ണായക ദിനം; കുഞ്ഞ് അനുപമയുടേതോ? ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അതിനിര്‍ണായക ഡിഎൻഎ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുമെന്നാണ് വിവരം.

രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിന്റേയും അനുപമയുടേയും അജിത്തിന്റേയും ഡിഎൻഎ പരിശോധനാ സാമ്പിൾ ശേഖരിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് ലഭിക്കുന്ന പരിശോധനാഫലം അന്വേഷണ റിപ്പോർട്ടിനൊപ്പമായിരിക്കും കോടതിയിൽ സമർപ്പിക്കുന്നത്.

അതേസമയം കുഞ്ഞ് അനുപമയുടേതാണോ എന്ന കാര്യത്തിന് വ്യക്തത വരുത്തുന്ന നിർണ്ണായക ഡി.എൻ.എ ഫലമാണ് ഇന്ന് ലഭിക്കുന്നത്. ഡിഎൻഎ പരിശോധനയ്‌ക്കുള്ള സാംപിൾ ശേഖരിച്ചാൽ 24 മണിക്കൂറിനുള്ളിൽ പരിശോധനാഫലം ലഭിക്കും. സർക്കാർ ഏജൻസികൾക്കോ കോടതികൾക്കോ മാത്രമേ ഡിഎൻഎ പരിശോധനാഫലം കൈമാറാനാകൂ. ഇത് പ്രകാരമാണ് ഡിഎൻഎ റിപ്പോർട്ട് സിഡബ്ല്യുസിക്ക് കൈമാറുന്നത്. പരിശോധനക്കായി മൂന്ന് പേരുടേയും സാമ്പിൾ ശേഖരിച്ചപ്പോഴും സിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.

കൂടാതെ ദത്ത് നടപടിക്രമങ്ങളുമായുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 29 ന് കോടതിയിൽ സമർപ്പിക്കാനിരിക്കുകയാണ്. ഡിഎൻഎ ടെസ്റ്റ് നടത്തുന്നത് പരിഗണിച്ച് ഈ മാസം 29 വരെ സിഡബ്ല്യുസി സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു. റിപ്പോർട്ടിനൊപ്പം ഡിഎൻഎ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും. ഈ മാസം 30 നാണ് കേസ് തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്.

ഡിഎൻഎ ഫലം പോസിസ്റ്റീവായാൽ കുഞ്ഞിനെ തിരികെ നൽകാനുള്ള നടപടികള്‍ CWC സ്വീകരിക്കും. നിയമോപദേശത്തിൻറെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള നടപടികള്‍. അതേ സമയം അനുപമ ശിശുക്ഷേമ സമിതിക്ക് മുന്നിൽ നടത്തുന്ന സമരം തുടരുകയാണ്.

Related Articles

Latest Articles