Sunday, April 28, 2024
spot_img

സന്നിധാനത്ത് അത്യപൂർവ്വ സാഹചര്യം; ഇന്ന് ശബരിമല ക്ഷേത്ര നട അടയ്ക്കില്ല

സന്നിധാനം: ശബരിമലയിൽ ഇന്ന് രാത്രി മുഴുവൻ സമയവും ദർശനം സാധ്യമാകും. ഇത്തവണത്തെ മകരസംക്രമ സമയപ്രകാരം ഇന്ന് രാത്രി മുഴുവൻ ക്ഷേത്രനട തുറന്നിരിക്കുന്നതിനാലാണ് മുഴുവൻ സമയ ദർശനം സാധ്യമാകുന്നത്. ദക്ഷിണായനത്തില്‍ നിന്നു സൂര്യന്‍ ഉത്തരായനത്തിലേക്ക് പ്രവേശിക്കുന്നത് ഇത്തവണ 15ന് പുലര്‍ച്ചെ രണ്ടുമണി ഒന്‍പതു മിനിറ്റിനാണ്. ആ സമയത്താണ് മകരസംക്രമ പൂജ. 15ന് പുലര്‍ച്ചെയാണ് സംക്രമം എന്നതിനാല്‍ 14ന് ഇത്തവണ ശബരിമല നട അടയ്ക്കില്ല. 15ന് രണ്ടുമണിക്കു ശേഷം മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കും. ഇതിനുശേഷമാണ് ഹരിവരാസനം പാടി നട അടയ്ക്കുക.

മൂന്നു മണിയോടെ അടച്ച നട നാലുമണിക്ക് വീണ്ടും തുറന്നു. ഇനി 15ന് പുലര്‍ച്ചെ മൂന്നുമണിവരെ ചടങ്ങുകള്‍ തുടരും. അത്താഴപൂജയ്ക്കു ശേഷം മകരസംക്രമപൂജയ്ക്കുള്ള ഒരുക്കം തുടങ്ങും. അത്യപൂര്‍വ്വമാണ് ഇങ്ങനെ ഒരു സാഹചര്യം. കഴിഞ്ഞവര്‍ഷം വൈകിട്ട് ഏഴരയ്ക്കായിരുന്നു മകരസംക്രമം.

മകരസംക്രമ പൂജയുടെ ഭാഗമായി ഇന്നലെ പ്രസാദ ശുദ്ധിയും ഇന്ന് രാവിലെ ബിംബ ശുദ്ധി ക്രിയകളും നടന്നു. പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടു വരുന്ന തിരുവാഭരണം ചാർത്തി നാളെ വൈകിട്ട് 6.40 ന് ദീപാരാധന നടക്കും. ദീപാരാധനയ്ക്ക് ശേഷം നട തുറക്കുന്നതോടെയാണ് ആകാശത്ത് മകര സംക്രമ നക്ഷത്രവും കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയുക.

മകരവിളക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസമായി ഭക്തരുടെ വലിയ ഒഴുക്കാണ് സന്നിധാനത്തേക്ക്. മകരവിളക്കും മകര ജ്യോതിയും കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം ഭക്തർ പര്‍ണശാലകള്‍ കെട്ടി തമ്പടിച്ചു കഴിഞ്ഞു.

Related Articles

Latest Articles