തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ എസ്ഐടി നടത്തിയ റെയ്ഡില്‍ നിരവധി നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തു. കേസില്‍ ആരോപണവിധേയനായ മില്‍മ മുന്‍ ഉദ്യോഗസ്ഥന്‍ ഷൈന്‍ ജോസഫിന്റെ വീട്ടിലും നെയ്യ് ഗതാഗതവുമായി ബന്ധപ്പെട്ട കരാറുകാരുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായിരുന്നു ഒരേസമയം പരിശോധന നടന്നത്.
ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സംഘമാണ് (SIT) കേസ് അന്വേഷിക്കുന്നത്. മില്‍മയില്‍ നിന്നും ഉയര്‍ന്ന വിലയ്ക്ക് നെയ്യ് വാങ്ങിയതിലൂടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. 2025-ലെ മകരവിളക്ക് കാലയളവില്‍ പുറത്തു നിന്നും നെയ്യ് വാങ്ങുന്നതിനായി ആദ്യം വിളിച്ച ടെന്‍ഡറില്‍ ആറ് സ്ഥാപനങ്ങള്‍ പങ്കെടുത്തിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഒരു സ്ഥാപനം ഒരു ലിറ്റര്‍ നെയ്യ്ക്ക് 369 രൂപ കോട്ട് ചെയ്തപ്പോള്‍, ആ നടപടിക്രമങ്ങള്‍ അട്ടിമറിച്ച് ടെന്‍ഡര്‍ റദ്ദാക്കുകയും ലിറ്ററിന് 510 രൂപ നിരപ്പില്‍ മില്‍മയ്ക്ക് കരാര്‍ നല്‍കുകയുമായിരുന്നു. ഇത്തരത്തില്‍ 1.65 ലക്ഷം ലിറ്ററിലധികം നെയ്യ് വാങ്ങിയതിലൂടെയാണ് ബോര്‍ഡിന് ഭീമമായ നഷ്ടം വരുത്തിയത്.
പത്തനംതിട്ട ഡയറിയില്‍ നിന്നും സന്നിധാനത്തേക്ക് കൊണ്ടുപോയ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന ഗുരുതരമായ വിവരവും പുറത്തുവന്നിട്ടുണ്ട്. നെയ്യ് എത്തിക്കുന്നതിനായി കരാറുകാരന്‍ വളരെ കുറഞ്ഞ തുക ക്വോട്ട് ചെയ്തതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഒന്നാം പ്രതിയാണ്. കൂടാതെ അജികുമാര്‍, അന്തരിച്ച മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. മില്‍മയ്ക്ക് കരാര്‍ ലഭിക്കുന്നതിന് ഇവര്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ദേവസ്വം കമ്മീഷണറുടെ ശക്തമായ എതിര്‍പ്പുകളെയും മാനദണ്ഡങ്ങളെയും പൂര്‍ണ്ണമായി അവഗണിച്ചാണ് നെയ്യ് ഇടപാടില്‍ അഴിമതി നടന്നിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച എസ്.പി. എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള ആറംഗ എസ്ഐടി സംഘമാണ് കേസ് അന്വേഷിക്കുന്നത്. പിടിച്ചെടുത്ത രേഖകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം.

