കോട്ടയം : വാഹനാപകടത്തില് ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ – ടെലിവിഷന് നടന് കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടിയോളം രൂപ നഷ്ടപരിഹാരം നല്കാന് കോട്ടയം മോട്ടോര് ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ (MACT) ഉത്തരവ്. അടിസ്ഥാന തുകയായി 1,41,09,840 രൂപയാണ് ട്രൈബ്യൂണല് വിധിച്ചത്. എന്നാല് കേസ് ഫയല് ചെയ്ത ദിവസം മുതല് തുക കെട്ടിവയ്ക്കുന്ന നാള് വരെയുള്ള 8.5% പലിശയും കോടതി ചെലവുകളും ഉള്പ്പെടെ ചേരുമ്പോഴാണ് ആകെ തുക 1.77 കോടി രൂപയോളമായി ഉയരുന്നത്.
കോട്ടയം MACT ജഡ്ജി പ്രസൂണ് മോഹനാണ് സുപ്രധാനമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ മൂന്നാം എതിര്കക്ഷിയായ ന്യൂ ഇന്ത്യ അഷുറന്സ് കമ്പനി 30 ദിവസത്തിനകം ഈ തുക കോടതിയില് കെട്ടിവയ്ക്കണമെന്ന് നിര്ദേശിച്ചിട്ടുണ്ട്. സുധിയുടെ ഭാര്യ രേണു സുധി, രണ്ട് മക്കള്, മാതാവ് എന്നിവരാണ് നഷ്ടപരിഹാരത്തിന് അര്ഹരായ ആശ്രിതര്. സംസ്ഥാനത്തെ വാഹനാപകട നഷ്ടപരിഹാര കേസുകളില് ആശ്രിതര്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്ന്ന തുകകളില് ഒന്നാണിത്. വിനോദ രംഗത്ത് സജീവമായിരിക്കെ ഉണ്ടായ അപ്രതീക്ഷിത വിയോഗവും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ഉയര്ന്ന തുക നഷ്ടപരിഹാരമായി വിധിച്ചതെന്ന് ഹര്ജിക്കാര്ക്ക് വേണ്ടി ഹാജരായ അഡ്വ. എ.ആര്. കലേഷ് കുമാര്, അഡ്വ. കെ.എസ്. ഹര്ഷാന എന്നിവര് വ്യക്തമാക്കി.
2023 ജൂണ് 5ന് പുലര്ച്ചെ വടകരയില് നിന്ന് സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങുന്നതിനിടെ തൃശൂര് കൈപ്പമംഗലം പനമ്പിക്കുന്നില് വച്ച് സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാര് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില് ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ടെലിവിഷന് താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂര്, മഹേഷ് എന്നിവര്ക്കും പരിക്കേറ്റിരുന്നു.
സിനിമകളിലൂടെയും ടെലിവിഷന് കോമഡി പരിപാടികളിലൂടെയും മലയാളികളെ ഏറെ ചിരിപ്പിച്ച കലാകാരനാണ് കൊല്ലം സുധി. ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അദ്ദേഹം ‘കട്ടപ്പനയിലെ ഋത്വിക് റോഷന്’, ‘കുട്ടനാടന് മാര്പാപ്പ’, ‘കേശു ഈ വീടിന്റെ നാഥന്’ തുടങ്ങി നിരവധി ജനപ്രിയ ചിത്രങ്ങളില് ശ്രദ്ധേയമായ വേഷങ്ങള് കൈകാര്യം ചെയ്തിട്ടുണ്ട്.

