Wednesday, May 15, 2024
spot_img

മോൻസന്റെ ശബരിമല കുരുക്ക് മുറുകുന്നു? മോൻസൻ ഉണ്ടാക്കിയ വ്യാജരേഖ പരിശോധിക്കണം; സമഗ്ര അന്വേഷണം വേണമെന്ന് പന്തളം കൊട്ടാരം

പന്തളം: മോന്‍സന്റെ (Monson Mavunkal) കൈവശമുള്ള ശബരിമല രേഖ പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം.
ശബരിമലയുമായി ബന്ധപ്പെട്ട് മോന്‍സന്‍ മാവുങ്കലിന്‍റെ കൈവശമുള്ള പുരാരേഖയെന്ന് അവകാശപ്പെടുന്ന വ്യാജരേഖ സര്‍ക്കാര്‍ സമഗ്രമായി പരിശോധിക്കണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാനസര്‍ക്കാരും രേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്‍റ് ശശികുമാര വര്‍മ്മയാണ് ആവശ്യപ്പെട്ടത്. രേഖ കിട്ടിയത് എവിടെനിന്ന് എന്നതടക്കം കണ്ടെത്തണമെന്നും, അയ്യപ്പനുമായി ബന്ധപ്പെട്ട് മുമ്പും പല അവകാശവാദങ്ങളും വന്നിട്ടുണ്ടെന്നും ആ വിലയേ ഈ രേഖയ്ക്കും നല്‍കുന്നുള്ളു എന്നും ശശികുമാര വര്‍മ പറഞ്ഞു. പരിശോധനയില്‍ രേഖ വ്യാജമെന്ന് വ്യക്തമായാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി.

എന്നാൽ ശബരിമല യുവതീ പ്രവേശന വിവാദം കത്തിനില്‍ക്കുന്ന സമയത്താണ് മോന്‍സന്‍ മാവുങ്കലിന്‍റെ ശേഖരത്തിലുള്ള ചെപ്പേടും വാര്‍ത്തകളില്‍ നിറഞ്ഞത്. രേഖയ്ക്ക് 351 വര്‍ഷം പഴക്കമുണ്ടെന്നായിരുന്നു അവകാശവാദം. ശബരിമലയിലെ ആചാരങ്ങളെക്കുറിച്ച് ലഭ്യമാകുന്ന ഏറ്റവും പഴയ രേഖയാണിതെന്നും വ്യാഖ്യാനങ്ങളുണ്ടായി. പലരും ചര്‍ച്ചകളില്‍ ഈ രേഖ ആധികാരികമായി ഉദ്ധരിക്കുകയും ചെയ്തു. എന്നാൽ മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പുകഥകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ചെപ്പേടെന്ന് അവകാശപ്പെടുന്ന ഈ രേഖയുടെ പിന്നിലെ യഥാർഥ്യവും പുറത്തുകൊണ്ടുവരണമെന്നാണ് പന്തളം കൊട്ടാരം ആവശ്യപ്പെടുന്നത്.

Related Articles

Latest Articles