Wednesday, April 24, 2024
spot_img

നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു; പൂജ നാളെ പുലർച്ചെ, ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 17 ന് നടതുറക്കും, ദർശനം 21 വരെ

പത്തനംതിട്ട: നിറപുത്തരി പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര തിരുനട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് നട തുറന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിച്ചു. തുടർന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനർ ഭക്തർക്ക് പ്രസാദം വിതരണം ചെയ്തു.

ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, നടൻ ജയറാം ,ശബരിമല സ്പെഷ്യൽ കമ്മീഷണർ മനോജ്, ചീഫ് എഞ്ചീനിയർ അജിത്ത് കുമാർ, വിജിലൻസ് എസ്.പി.സുബ്രഹ്മണ്യം, തിരുവാഭരണം കമ്മീഷണർ ബൈജു എന്നിവർ നട തുറന്ന സമയത്ത് ദർശനത്തിനായി എത്തിയിരുന്നു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപം തെളിച്ചു. നട തുറന്നദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ രണ്ടിടങ്ങളിലും ഉണ്ടായിരുന്നില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടച്ചു. നിറപുത്തരി പൂജകൾക്കായി നാളെ പുലർച്ചെ 4 മണിക്ക് ക്ഷേത്ര നട തുറക്കും.

5.40 നും 6 മണിക്കും മദ്ധ്യേയാണ് നിറയും പുത്തരിയും ചടങ്ങുകൾ നടക്കുക. ശേഷം തന്ത്രി ശ്രീകോവിലിനുള്ളിൽ പൂജിച്ച കതിരുകൾ ഭക്തർക്ക് പ്രസാദമായി നൽകും. നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം എന്നിവയും നാളെ ഉണ്ടാകും. 4ന് രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ആഗസ്റ്റ് 16ന് വൈകിട്ട് നട തുറക്കും.17 മുതൽ 21 വരെ നട തുറന്നിരിക്കും. 21 ന് രാത്രി ഹരിവരാസന സങ്കീർത്തനാലാപനത്തോടെ ശ്രീകോവിൽ നട അടയ്ക്കും.

Related Articles

Latest Articles