കർക്കിടകമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട നാളെ വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും. നാളെ പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. കർക്കടകം ഒന്നായ 16 ന് പുലർച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും. പതിവു അഭിഷേകത്തിനുശേഷം നെയ്യഭിഷേകം നടക്കും.ഇരുപതാം തീയതി രാത്രി 10 ന് നട അടയ്ക്കും. തീർത്ഥാടകർക്ക് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് ദർശനം നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അതേസമയം ശബരിമല കർക്കിടകമാസ പൂജയോടനുബന്ധിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. ശബരിമല കർക്കടകമാസപൂജ പ്രമാണിച്ച് നാളെ മുതൽ ശനിയാഴ്ചവരെ തീർഥാടകര്‍ക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കുകയാണെന്ന് കെഎസ്ആർടിസി അറിയിച്ചു.
തീർഥാടകർക്ക് പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.
കർക്കിടകമാസ പൂജയോടനുബന്ധിച്ച് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഭക്തർക്ക് പമ്പയിൽ എത്താവുന്ന തരത്തിലാണ് കെഎസ്ആർടിസി സർവീസുകൾ ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്ന നിലയ്ക്കൽ – പമ്പ ചെയിൻ സർവീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് സ്പെഷ്യൽ ബസുകൾ ഉണ്ടാകും. മുൻകൂട്ടി ബുക്കിങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത യൂണിറ്റുകളിൽ നന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചു.

