ശബരിമല: കുംഭമാസ പൂജകള്‍ക്കായി ചൊവ്വാഴ്ച ശബരിമല നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് നട തുറന്നത്.മാളികപ്പുറം മേല്‍ശാന്തി എം.എന്‍ നാരായണന്‍ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി ആഴി തെളിച്ചു.

ഇന്നു പുലര്‍ച്ചെ 5ന് നട തുറന്ന് മഹാഗണപതി ഹോമത്തോടെയാണ് പൂജകള്‍ തുടങ്ങിയത്. തുടര്‍ന്ന് നെയ്യഭിഷേകം, കളഭാഭിഷേകം എന്നിവ നടക്കും. കുംഭമാസ പൂജകള്‍ക്ക് മുമ്പ് യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധി ഉണ്ടാകാത്തത് നിരാശജനകമാണന്നും മാസ പൂജയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ യഥാവിധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മേല്‍ശാന്തി പറഞ്ഞു.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണ്ഡല കാലത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്ന സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് കനത്ത സുരക്ഷ ഒരുക്കിയിട്ടുള്ളത്.എസ്പിമാരായ വി.അജിത്ത് (സന്നിധാനം), എച്ച്‌ മഞ്ജുനാഥ് (പമ്പ), പി.കെ.മധു (നിലയ്ക്കല്‍) എന്നിവരുടെ നേതൃത്തില്‍ വിപുലമായ പൊലീസ് ക്രമീകണങ്ങള്‍ നടത്തിയിട്ടുണ്ട്

അതേസമയം, ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ എണ്ണം വളരെ കുറവാണ്. ബുധനാഴ്ച പുലര്‍ച്ചെ നേരിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും അത് അരമണിക്കൂറോളം മാത്രമാണ് നീണ്ടത്.