ശബരിമല: ഈ വർഷത്തെ ശബരിമല മകരവിളക്ക് ഉത്സവത്തിന്‍റെ തിരുവാഭരണ ഘോഷയാത്രക്ക് മൂലം തിരുനാൾ ശങ്കർ വർമ്മ നേതൃത്വം നല്‍കും.
അതേസമയം ശബരിമലയിലെ 41 ദിവസം നീണ്ട മണ്ഡലകാലത്തിനു ഇന്ന് പരിസമാപ്തി കുറിക്കുകയാണ്. ശരണം വിളികളോടെ തങ്കയങ്കി ഇന്നലെ വൈകുന്നേരത്തോടെ സന്നിധാനത്തെത്തി. ശേഷം തങ്കയങ്കി ചാര്‍ത്തി അയ്യപ്പനുള്ള മഹാ ദീപാരാധനയും നടന്നു. ചൊവ്വാഴ്ചയാണ് ആറന്മുളയില്‍ നിന്ന് പുറപ്പെട്ട തങ്കയങ്കിയെ ശരംകുത്തിയില്‍ വച്ച് ദേവസ്വം അധികൃതര്‍ സ്വീകരിച്ചത്.
ഇന്നലെ തങ്കയങ്കി ചാര്‍ത്തിയുള്ള മഹാ ദീപാരാധന തൊഴാനായി നൂറുകണക്കിന് തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ദീപാരാധന നടന്നത്. അതേസമയം ഇന്ന് വൈകിട്ട് 8.50 ന് ഹരിവരാസനം പാടി നടയടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഇനി 30 ന് വൈകിട്ടാണ് വീണ്ടും നട തുറക്കുക. ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെയാണ് മകരവിളക്ക് ഉത്സവം നടക്കുന്നത്.

