Thursday, June 13, 2024
spot_img

ഷാരോണ്‍ വധകേസ്; തമിഴ്‌നാട് പൊലീസിനു കൈമാറുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നിയമോപദേശവും തേടും, ഗ്രീഷ്മയുടെ അമ്മ കഷായപ്പൊടി വാങ്ങിയത് പൂവാറിലെ ആശുപത്രിയിൽ നിന്ന്: പഴുതടക്കുമോ തുറക്കുമോ എന്ന് കണ്ടറിയാം…

തിരുവനന്തപുരം:കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിന്റെ ഗതി ഓരോ ദിവസം കഴിയുമ്പോഴും മാറുകയാണ്. ഇനി ഗ്രീഷ്മയ്ക്ക് എന്ത് ശിക്ഷയാണ് ലഭിക്കുന്നതെന്ന് കണ്ടറിയണം. വിഷം കൊടുത്ത ഗ്രീഷ്മയുടെ വീട് തമിഴ്‌നാടായതിനാല്‍ നിയമ പ്രശ്‌നങ്ങള്‍ കൂടാനുള്ളത് സാധ്യതയുള്ളത്. തമിഴ്‌നാട് പൊലീസിനു കൈമാറുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം നിയമോപദേശവും തേടും.

പ്രതി ഗ്രീഷ്മയുടെ വീടിരിക്കുന്ന രാമവര്‍മന്‍ചിറ തമിഴ്‌നാട് പൊലീസിന്റെ പളുഗല്‍ സ്റ്റേഷന്‍ അതിര്‍ത്തിയിലാണ്. ഗ്രീഷ്മയുടെ വീട്ടില്‍ വച്ചാണ് കഷായം നല്‍കിയതെന്നതിനാലാണ് അവിടത്തെ പൊലീസിന് കേസ് കൈമാറണോ എന്ന കാര്യത്തില്‍ നിയമോപദേശം തേടുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഷാരോണ്‍ മരിച്ചതെങ്കിലും കൃത്യം നടന്ന സ്ഥലത്തിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷന് കേസ് കൈമാറുന്നതാണ് നിലവിലുള്ള രീതി.

അന്വേഷണവും തെളിവെടുപ്പും തുടരും. കേസ് കൈമാറാനാണ് നിയമോപദേശം ലഭിക്കുന്നതെങ്കില്‍ തമിഴ്‌നാട് പൊലീസിന്റെ അഭിപ്രായം കൂടി തേടിയ ശേഷം അന്വേഷണ വിവരങ്ങൾ കൈമാറുകയും ചെയ്യും. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഷാരോണിനെ വീട്ടില്‍ നിന്ന് ഗ്രീഷ്മ വിളിച്ചുവരുത്തിയതും വിഷം കൊടുത്തതുമെന്നതിനാല്‍ കേരള പൊലീസിനു തന്നെ കേസ് അന്വേഷിക്കാമെന്ന നിയമവശവുമുണ്ടെന്ന് വിദദ്ധര്‍ പറയുന്നു.

സിആര്‍പിസി 179 പ്രകാരം ഇതിന് നിയമസാധുതയുണ്ട്. പാറശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്താന്‍ കാമുകിയായ ഗ്രീഷ്മ ഉപയോഗിച്ച ആയുര്‍വേദ കഷായപ്പൊടി വാങ്ങിയത് പൂവാറിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സന്റെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ ഗ്രീഷ്മയുടെ മാതാവ് സിന്ധുവിനെ പൂവാറിലെ ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കാല്‍മുട്ട് വേദനയുള്ള സിന്ധു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവിടെ ചികിത്സയിലായിരുന്നു.

സിന്ധു സെപ്തംബര്‍ 19ന് മരുന്നും കഷായത്തില്‍ കലക്കാനുള്ള പൊടിയും ഇവിടെ നിന്ന് വാങ്ങിയിരുന്നതായും തെളിഞ്ഞു. ഈ പൊടി വെള്ളത്തില്‍ കലക്കിയശേഷം വിഷം ചേര്‍ത്ത് ഷാരോണിന് നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വൈകിട്ട് 5.30ഓടെയെത്തിയ ഉദ്യോഗസ്ഥര്‍ ഒരുമണിക്കൂറോളം ആശുപത്രിയില്‍ നിന്ന് തെളിവുകള്‍ ശേഖരിച്ചു. ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി.

പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ നിന്ന് അണുനാശിനി കുടിച്ച ഗ്രീഷ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക സെല്ലിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ കസ്റ്റഡിയില്‍ വാങ്ങും.

Related Articles

Latest Articles