Friday, May 17, 2024
spot_img

ഇനി രക്ഷയില്ല മുട്ടുമടക്കി സർക്കാർ; പെൻഷൻ പ്രായം 60 ആക്കിയ തീരുമാനം മരവിപ്പിക്കും

തിരുവനന്തപുരം: പെൻഷൻ പ്രായം ഉയർത്തുമെന്ന ഉത്തരവ് മരവിപ്പിച്ച് സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയ തീരുമാനമാണ് സർക്കാർ മരവിപ്പിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് ഈ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതായി ചൂണ്ടിക്കാട്ടിയത്.

സർക്കാർ തീരുമാനത്തിനെതിരെ ഭരണപക്ഷത്ത് നിന്നടക്കം രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. തീരുമാനം മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾക്ക് ധനമന്ത്രിയേയും ചീഫ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന വിവരം.

സംസ്ഥാന സർക്കാരിന് കീഴിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും വിരമിക്കൽ പ്രായം 58ൽ നിന്ന് 60 ആക്കി കഴിഞ്ഞ ശനിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കല്‍പ്രായം ഏകീകരിക്കുന്നുവെന്ന വാദമുയര്‍ത്തിയാണ് വിരമിക്കല്‍ പ്രായം 60 ആക്കിയത്. ധനവകുപ്പിന്റെ ഉത്തരവിനെതിരെ സർക്കാർ വലിയ പ്രതിഷേധം നേരിട്ടിരുന്നു. എന്നാൽ തീരുമാനത്തെ ന്യായീകരിച്ച് സർക്കാർ പലരീതിയിലും രംഗത്തെത്തിയിരുന്നു.

യുവാക്കളെ സർക്കാർ വഞ്ചിച്ചു, എൽഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി തുടങ്ങിയ ആരോപണങ്ങളാണ് ഭരണപക്ഷ അനുകൂല യുവജനസംഘടനകൾ അടക്കം ഉന്നയിച്ചിരുന്നത്. 2018ൽ യുവജനസംഘടനകളുമായി നടത്തിയ ചർച്ചയിൽ പെൻഷൻ പ്രായം ഉയർത്തില്ലെന്ന ഉറപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയിരുന്നു. ഈ പരാമർശങ്ങൾ ഒക്കെ കുത്തിപ്പൊക്കിക്കൊണ്ടായിരുന്നു പ്രതിപക്ഷ സംഘടനകൾ അടക്കം പ്രതിഷേധം ഉന്നയിച്ചത്.

Related Articles

Latest Articles