Wednesday, May 22, 2024
spot_img

തന്നെ സ്ഥാനത്ത് നിന്ന് മാറ്റണം; മടുത്തു ഇനി വയ്യെന്ന് സി എം ഡി ! കെ എസ് ആർ ടി സി യിലെ ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്ന് ആന്റണി രാജു; വകുപ്പുകൾ തമ്മിലടിക്കുമ്പോൾ പിണറായി ഭരണത്തിൽ തൊഴിലാളികൾ പട്ടിണിയിൽ

തിരുവനന്തപുരം: പകുതി ശമ്പളം ഇന്നലെ രാത്രിയോടെ നൽകിയെങ്കിലും കെ എസ് ആർ ടി സി ഗുരുതര പ്രതിസന്ധിയിലേക്കെന്ന് സൂചന. പ്രതിസന്ധിക്ക് പരിഹാരമില്ലെന്നും താൻ സ്ഥാനമൊഴിയാൻ തയ്യാറെന്നും സി എം ഡി അറിയിച്ചു. ബി എം എസ് അടക്കമുള്ള തൊഴിലാളി സംഘടനകൾ ഇന്നലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ശക്തമായ സമരം നടത്തിയിരുന്നു. മുപ്പത് ദിവസം ജോലി ചെയ്‌താൽ 15 ദിവസത്തെ മാത്രം ശമ്പളം കിട്ടുന്ന ‘മധുര മനോജ്ഞ ദേശീയ ബദലായി’ പിണറായി സർക്കാർ ഭരണകാലത്തെ കേരളം മാറിയെന്നും തൊഴിലാളികൾ പരിഹസിക്കുന്നു. നിരവധി കുടുംബങ്ങളെ ശമ്പള പ്രതിസന്ധി പട്ടിണിയിലാക്കി. കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് മാനേജ്മെന്റിന് ഒരു തൊഴിലാളി കത്തെഴുതിയ സംഭവം പോലുമുണ്ടായി. ശമ്പളക്കാരേക്കാൾ കഷ്ടമാണ് പെൻഷൻകാരുടെ കാര്യം. സമയത്തിന് ശമ്പളം നൽകാൻ കഴിഞ്ഞില്ലെങ്കിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്ഥാനമൊഴിയുക എന്ന നിലപാടിലേക്ക് സി എം ഡി ബിജു പ്രഭാകർ പോയതെന്നറിയുന്നു.

അതേസമയം ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പാണെന്ന് തുറന്നടിച്ചിരിക്കുകയാണ് ഗതാഗതമന്ത്രി ആന്റണി രാജു. കെ എസ് ആർ ടി സി ക്കായി നീക്കിവച്ച തുക പ്രതിമാസം സമയത്ത് നൽകിയാൽ ശമ്പള പ്രതിസന്ധിയുണ്ടാകില്ലെന്നും അത് അനുവദിക്കാതെ പിടിച്ചു വയ്ക്കുന്ന ധനവകുപ്പാണ് പ്രതിസന്ധിക്ക് കാരണം. കെ എസ് ആർ ടി സി യുടെ അവസ്ഥയെ കുറിച്ച് ഹൈക്കോടതിയെ നിജസ്ഥിതി ധരിപ്പിക്കുമെന്നും കോടതിയെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു വെന്നുമാണ് ഗർതാഗതമന്ത്രി പറഞ്ഞത്. എന്നാൽ ഹൈക്കോടതി കേസ് പരിഗണിച്ച് വാദം കേട്ടപ്പോഴെല്ലാം കെ എസ് ആർ ടി സി പറയാത്ത എന്ത് കാര്യമാണ് ഇനി ഹൈക്കോടതിയെ ധരിപ്പിക്കാനുള്ളതെന്ന് തൊഴിലാളികൾ ചോദിക്കുന്നു. പ്രതിദിനം 200 കോടി രൂപ വരുമാനം നേടുന്ന പൊതുമേഖലാ സ്ഥാപനത്തിൽ ശമ്പളം മുടങ്ങാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. ഹൈക്കോടതി വിധിക്ക് പോലും പുല്ലുവില നൽകി സ്വകാര്യ ബസ് മുതലാളിയെ കയ്യേറ്റം ചെയ്ത ഭരണാനുകൂല തൊഴിലാളി സംഘടനകൾ കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധിയിൽ നിശബ്ദത പാലിക്കുന്നതായി പ്രതിപക്ഷ യൂണിയനുകൾ ആരോപിക്കുന്നു.

Related Articles

Latest Articles