ടെഹ്‌റാൻ: സൽമാൻ റുഷ്ദിയെ ആക്രമിച്ചതിൽ ഇറാനു പങ്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. ആക്രമണത്തിനു ശേഷമുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. ന്യൂയോർക്കിൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ ഇറാനെ കുറ്റപ്പെടുത്താൻ ആർക്കും അവകാശമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് കനാനി വ്യക്തമാക്കി.
1988ൽ പ്രവാചകൻ മുഹമ്മദ് നബിയെ മുൻനിർത്തി എഴുതിയ റുഷ്ദിയുടെ ‘ദ സാത്താനിക് വേഴ്‌സസ്’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ഇറാനുമായി തെറ്റുന്നത്. മതനിന്ദ ആരോപിച്ച് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിൽ പുസ്തകത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. റുഷ്ദിയെ വധിക്കുന്നവർക്ക് മൂന്നു മില്യൺ ഡോളർ പാരിതോഷികം ഇറാന്റെ പരമോന്നത നേതാവ് വാഗ്ദാനം ചെയ്തിരുന്നു. സ്വയം രക്ഷ തേടി പലായനം ചെയ്യാൻ നിർബന്ധിതനാവുകയായിരുന്നു ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് നോവലിസ്റ്റ്. ഇത്തരത്തിൽ വധഭീഷണികൾ നിലനിൽക്കുന്നതിനാൽ ഇറാൻ സംശയത്തിന്റെ നിഴലിലായിരുന്നു.
റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ച ന്യൂജേഴ്‌സി സ്വദേശിയ്‌ക്ക് ഭീകരബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാൾക്ക് ഇറാൻ ബന്ധമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ പ്രതികരണവുമായി ഇറാൻ സർക്കാർ രംഗത്തെത്തിയത്.

