മുംബൈ : മഹാരാഷ്ട്രയുടെ പുതിയ പോലീസ് മേധാവിയായി സഞ്ജയ് വര്‍മയെ തെരഞ്ഞെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. നിലവില്‍ ലീഗല്‍ ആന്‍ഡ് ടെക്‌നിക്കല്‍ വിഭാഗം ഡയറക്ടര്‍ ജനറലാണ് 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഓഫീസറായ സഞ്ജയ് വർമ്മ. 2028 ഏപ്രിലില്‍ അദ്ദേഹം സേനയില്‍നിന്നും വിരമിക്കും. രശ്മി ശുക്ലയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്ന് മുംബൈ പോലീസ് കമ്മീഷണര്‍ വിവേക് ഫന്‍സല്‍കര്‍ക്ക് ആയിരുന്നു ഡിജിപിയുടെ താത്കാലിക ചുമതല.
കുറ്റകൃത്യങ്ങളെ ശാസ്ത്രീയമായി തെളിയിക്കുന്നതില്‍ വിദഗ്ധന്‍ എന്ന പേരിൽ മഹാരാഷ്ട്രാ പോലീസ് സേനയിൽ ഏറെ പ്രശസ്തനാണ് അദ്ദേഹം. മഹാരാഷ്ട്ര ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സസ് ലബോറട്ടറീസ് മേധാവിയായിരുന്ന കാലത്ത് കേസന്വേഷണങ്ങള്‍ക്ക് ഉപയോഗപ്രദമാകാന്‍ 260 ഫോറന്‍സിക് വാനുകളും 2,200 ഗവേഷകരെയും പ്രഗത്ഭരെയും സംസ്ഥാനത്തുടനീളം വിന്യസിച്ചിരുന്നു. ക്രൈംസീനുകളില്‍ എത്രയും വേഗം എത്താനും തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയായിരുന്നു ഇത്.നിരവധി കേസുകൾക്കാണ് ഇത് മൂലം തുമ്പുണ്ടായത്.

