പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊലപാതകത്തിന്റെ (Sanjit Murder In Palakkad) അന്വേഷണം അവസാന ഘട്ടത്തിലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിൽ ആണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
അതോടൊപ്പം ഫെബ്രുവരി പത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസിൽ ആകെ പതിനെട്ട് പ്രതികളാണുള്ളത്. ഇതിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിന്റെ ഭാര്യ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ രേഖാമൂലം നിലപാട് വ്യക്തമാക്കിയത്. എന്നാൽ അന്വേഷണം കാര്യക്ഷമമല്ലെന്നാണ് സഞ്ജിത്തിന്റെ ഭാര്യ ഹർജിയിൽ പറയുന്നത്. പ്രതികളെ സംരക്ഷിക്കാനുള്ള നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും, അതിനാണ് സർക്കാർ തിടുക്കം കൂട്ടുന്നതെന്നും ഹർജിയിൽ പറയുന്നു. നവംബർ 15നാണ് കാറിലെത്തിയ ഒരു സംഘം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഒരു മാസത്തിന് ശേഷമാണ് കേസിലെ മുഖ്യപ്രതികളെ അന്വേഷണ സംഘം പിടികൂടിയത്. എന്നാൽ അന്വേഷണത്തിൽ സർക്കാർ കാട്ടുന്ന അലംഭാവം ഉയർത്തിക്കാട്ടിയാണ് സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്.

