Saturday, May 11, 2024
spot_img

പതിവുതെറ്റിച്ചില്ല; വാനരക്കൂട്ടത്തിന് മനം നിറയെ ഓണസദ്യ നൽകി ശാസ്താംകോട്ട ക്ഷേത്രം

ശാസ്താംകോട്ട : ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ ഇത്തവണയും മുറതെറ്റാതെ നടന്നു. വാനരക്കൂട്ടങ്ങൾ തിരുവോണസദ്യയുണ്ടു. ഉത്രാടനാളിലും ഇവർക്ക് സദ്യനൽകിയിരുന്നു. നാലുപതിറ്റാണ്ടായി ക്ഷേത്രത്തിലെ വാനരക്കൂട്ടങ്ങൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ നൽകിവരുന്നുണ്ട്.

തിരുവോണനാളിൽ രാവിലെ പതിനൊന്നോടെ ക്ഷേത്രത്തിനുള്ളിലെ വാനരഭോജനശാലയിലാണ് സദ്യവട്ടങ്ങളൊരുങ്ങിയത്. തൂശനിലയിൽ പച്ചടിമുതൽ പായസംവരെയുള്ള മുഴുവൻവിഭവങ്ങളും ഒരുക്കിയിരുന്നു. സദ്യയുണ്ടെന്നറിയാമായിരുന്നതിനാൽ നേരത്തേത്തന്നെ എല്ലാവരും ഭോജനശാലയ്ക്കുസമീപത്തെ മതിലിൽ സ്ഥലംപിടിച്ചിരുന്നു. ഇലയിടാൻ തുടങ്ങിയതുമുതൽ ഒറ്റയ്ക്കും ചെറുസംഘങ്ങളായും ഇവർ ഭോജനശാലയിലേക്കെത്താൻ തുടങ്ങി. കറികളും പഴവും വിളമ്പിയതോടെ അവരുടെ ക്ഷമനഃശിച്ചു. ഇതോടെ ഇരിപ്പടങ്ങൾവിട്ട് പലരും ഭോജനശാല ലക്ഷ്യമാക്കി പാഞ്ഞു. മൂപ്പന്റെ അനുമതിക്കായി അവർ കാത്തുനിന്നു.

ചോറു വിളമ്പിയതോടെ നിലവിലെ വാനരമൂപ്പനായ പുഷ്‌കരൻ ഭോജനശാലയിലേക്ക് പ്രവേശിച്ചു. പുഷ്‌കരൻ ചോറും കറികളും മണത്തും രുചിച്ചും നോക്കി സുരക്ഷയുറപ്പാക്കി. പിന്നാലെ രാജുവും കൊച്ചുസായിപ്പും ബാബുവും നീങ്ങി. കുഞ്ഞുങ്ങളുമായി എത്തിയവരും ക്ഷമയടക്കിനിന്നവരും ചാടിവീണു. ഇതോടെ ബഹളവും ചില്ലറ കശപിശയും ഉടലെടുത്തു.

ചിലർ ഇലയ്ക്കുപിന്നിലിരുന്ന് സ്വസ്ഥമായി സദ്യയുണ്ടു. മറ്റുചിലർ മറ്റുള്ളവരുടെ ഇല വലിച്ചുകൊണ്ടുപോകുന്നതും ഇലയിൽ കൈയിട്ടുവാരുന്നതും കാണാമായിരുന്നു. ഇത് കലഹത്തിന് ആക്കംകൂട്ടി. കുട്ടികളുമായെത്തിയവരും മുതിർന്നവരും ഇതിലൊന്നും പങ്കാളികളാകാതെ സദ്യയുണ്ട് തൃപ്തരായി. തിരുവോണത്തിന് വിദേശമലയാളിയായ കന്നിമേലഴികത്ത് ബാലചന്ദ്രൻ പിള്ളയാണ് ഓണസദ്യ നൽകിവരുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles