Wednesday, May 15, 2024
spot_img

ഇന്ന് സദ്ഭാവനാ ദിനം; ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയെ അനുസ്മരിച്ച് സാംസ്കാരിക കേരളം

തിരുവനന്തപുരം: പരമപൂജനീയ ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി (Swami Satyananda Saraswati) തൃപ്പാദങ്ങളുടെ ജയന്തിയാണ് ഇന്ന്. സത്യാനന്ദസരസ്വതി സ്വാമിയുടെ ജന്മദിനം സദ്ഭാവനാ ദിനമായി സാംസ്കാരിക കേരളം ആചരിച്ചു. ഹിന്ദു ഐക്യവേദി കോട്ടായി പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ദിനാചരണം.സദ്ഭാവനാ ദിനത്തിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് താലൂക്ക് സെക്രട്ടറി കെ.കെ. ചന്ദ്രൻ ദീപം തെളിയിച്ചു. സംസ്ഥാനസമിതി അംഗം സി.എസ്. ദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹിന്ദു ഐക്യവേദി ആലത്തൂർ താലൂക്ക് പ്രസിഡന്റ് കെ. ഉദയൻ മുഖ്യപ്രഭാഷണം നടത്തി.

ഹിന്ദുചേതനയെ കുലുക്കിയുണര്‍ത്തിയ കേരള “വിവേകാനന്ദന്‍”

ഹിന്ദുവിന്റെ ആത്മാഭിമാനത്തെ കുലുക്കിയുണര്‍ത്താന്‍ ശക്തമായ നേതൃത്വം നല്‍കിയ ധര്‍മ്മബോധത്തിന്റെ സിംഹഗര്‍ജ്ജനമായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടേത്. ശിഷ്യര്‍ക്ക് ആത്മീയ തേജസ്സിന്റെ മൂര്‍ത്തിമത് രൂപമായും അനുയായികള്‍ക്ക് ദിശാദര്‍ശനം നല്‍കുന്ന പ്രകാശ ഗോപുരമായും സമാജത്തിലെ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് കാരുണ്യവാനായ ആത്മീയ ആചാര്യനായും എതിരാളികള്‍ക്ക് സത്യധര്‍മ്മങ്ങളുടെ വെളളിടിയായും അദ്ദേഹം വിരാജിച്ചു. സ്വാമിജിയുടെ ജീവിതകാലത്ത് ഹിന്ദുവിന് നേതാവാര് എന്ന ചോദ്യം ഉയര്‍ന്നു വന്നില്ല. കേരളത്തിലെ ഹിന്ദു സമൂഹം (Hindu Society) അവിടുന്നിനെ വിനേതാവായി ആദരിച്ചു.

ആദ്യകാല ജീവിതം

തലസ്ഥാന ജില്ലയില്‍ അണ്ടൂര്‍ക്കോണം വില്ലേജില്‍ മംഗലത്ത് ഭവനത്തില്‍ മാധവന്‍പിളളയുടേയും തങ്കമ്മയുടേയും ദ്വിതീയ പുത്രനായി 1935 സപ്തംബര്‍ 25ന് (കന്നിമാസത്തിലെ പുണര്‍തം)ജനിച്ച ശേഖരനാണ് പില്‍ക്കാലത്ത് ലോക പ്രശസ്തനായിത്തീര്‍ന്ന ജഗദ് ഗുരു സ്വാമി സത്യാനന്ദ സരസ്വതി. ജീവിതത്തില്‍ ഉന്നത ശ്രേണിയിലെത്തിയ പ്രത്യേകിച്ചും ആത്മീയ ഔന്നത്യം നേടിയ പലരേയും പോലെ വിഷ്ണു സഹസ്ര നാമം ഹൃദിസ്ഥമാക്കിയിരുന്ന അദ്ദേഹത്തിന് ഉണ്ണിക്കണ്ണനോടുള്ള ഭക്തി പാരമ്യത്തില്‍ ബാലഗോപാല ദര്‍ശനം ലഭിച്ചിരുന്നുവെന്നും പറയപ്പെടുന്നു. പോത്തന്‍കോട് എല്‍പി സ്‌ക്കൂള്‍ പഠനകാലം തുടങ്ങി ഗവ. ട്രയിനിംഗ് കോളേജിലെ വിദ്യാഭ്യാസകാലം വരെ കലാ-സാംസ്‌കാരിക മേഖലകളിലും സാംസ്‌കാരിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. ഇക്കാലയളവില്‍തന്നെ യോഗാചാര്യനായിരുന്ന വെണ്‍കുളം പരമേശ്വരനില്‍ നിന്ന് അദ്ദേഹം യോഗവിദ്യയും അഭ്യസിച്ചു. കുറച്ചുകാലം അധ്യാപകനായും പ്രവര്‍ത്തിച്ചു. ഇതിനിടയില്‍ തന്നെ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദര്‍ 1920-ല്‍ സ്ഥാപിച്ച ശ്രീരാമദാസാശ്രമവുമായി ബന്ധം പുലര്‍ത്തിയിരുന്നു. തന്റെ കാലശേഷം ആശ്രമത്തിന്റെ ചുമതല വഹിച്ചുകൊണ്ട് അതിവിശിഷ്ടമായ ആരാധനാ രീതികള്‍ മുന്നോട്ടു കൊണ്ടുപോകാനും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനും ഗുരു കണ്ടെത്തിയ ശിഷ്യനായിരുന്നു സ്വാമി സത്യാനന്ദ സരസ്വതി. ഗുരുവിന്റെ സമാധിക്കു ശേഷം ആശ്രമത്തിന്റെ പൂര്‍ണ്ണ ചുമതല ഏറ്റെടുക്കാനായി അധ്യാപക ജോലി രാജിവെച്ചു. ഗുരുവിന്റെ കാലത്തുതന്നെ ആശ്രമത്തിന്റെ ചില ചുമതലകള്‍ വഹിച്ചു കൊണ്ട് സമര്‍പ്പിതനായി പ്രവര്‍ത്തിക്കുകയും ഗുരു പ്രീതി നേടുകയും ചെയ്തു. 1965 മെയ് 26നാണ് നീലകണ്ഠ ഗുരുപാദര്‍ സമാധി ആയത്. അതിനു ശേഷമാണ് സത്യാനന്ദ സരസ്വതി എന്ന സന്യാസ നാമത്തില്‍ ആശ്രമ മഠാധിപതിയായുള്ള സ്വാമിജിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഗുരുപാദരുടെ വസുധൈവ കുടുംബകം എന്ന മഹിതാശയത്തിന്റെ പ്രചരണത്തിനായി 1981-ല്‍ ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്തു.

ഹൈന്ദവ ചേതനയെ തട്ടിയുണര്‍ത്തി

ആ കാലഘട്ടത്തില്‍ വ്യാപകമായിരുന്ന മതപരിവര്‍ത്തന ശ്രമങ്ങളും ഇന്നും തുടരുന്ന ഹിന്ദു സമൂഹത്തോടുളള അവഹേളനവും അവഗണനയും സ്വാമിജിയെ വേദനിപ്പിച്ചു. ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കാനും ശാക്തീകരിക്കാനും അദ്ദേഹം സമാജത്തിലേക്കിറങ്ങി പ്രവര്‍ത്തിച്ചു. അക്കാലത്ത് ഉയര്‍ന്നു വന്ന പല പ്രക്ഷോഭങ്ങളുടേയും നേതൃനിരയില്‍ സ്വാമിജി സമുന്നത സ്ഥാനം വഹിച്ചു. കൊട്ടിയൂര്‍ പാലുകാച്ചിമലയിലെ വിഗ്രഹ പ്രതിഷ്ഠ, നിലയ്ക്കല്‍ സമരം മുതലായ പ്രശ്നങ്ങള്‍ അദ്ദേഹം സധൈര്യം ഏറ്റെടുത്തു. ഇത്തരം ധര്‍മ്മ യജ്ഞങ്ങള്‍ക്ക് സ്വാമിജി തുടക്കം കുറിച്ചത് കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മഹാദേവന്റെ ചൈതന്യ പ്രഭ പടര്‍ന്നു നില്‍ക്കുന്ന പാലുകാച്ചിമലയില്‍ നിന്നാണ്. അവിടെ പ്രതിഷ്ഠിക്കാനുള്ള ദേവ വിഗ്രഹങ്ങളുമായുള്ള പ്രതിഷ്ഠാ ഘോഷയാത്ര സമാരംഭിച്ചത് ഭാരത വര്‍ഷത്തിന്റെ മൂലാധാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കന്യാകുമാരിയില്‍ നിന്നാണ്.

1978 ജൂണ്‍ എട്ടാം തീയ്യതി ആരംഭിച്ച യാത്ര കേരളത്തിലെ തെക്കേയറ്റം മുതല്‍ വടക്കുവരെ നൂറു കണക്കിന് സ്വീകരണ സമ്മേളനങ്ങളില്‍ പങ്കെടുത്തുകൊണ്ട്, ഹൈന്ദവ ചേതനയെ തട്ടിയുണര്‍ത്തിക്കൊണ്ട് പാലുകാച്ചിമലയില്‍ എത്തുമ്പോഴേക്കും വമ്പിച്ച ആധ്യാത്മിക തരംഗം ഉണര്‍ന്ന് പടര്‍ന്നിരുന്നു. സ്വാമിജിയുടെ സഹജവും അനര്‍ഗ്ഗളവുമായ വാഗ്ധോരണി ഹിന്ദുമനസ്സിനെ തട്ടിയുണര്‍ത്തി. ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും അന്യാധീനപ്പെട്ടവ വീണ്ടെടുക്കാനും ആഹ്വാനം ചെയ്തു കൊണ്ടാണ് സ്വാമി പാലുകാച്ചിമലയില്‍ ശ്രീരാമ-സീതാ-ആഞ്ജനേയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്. കൊടും വനത്തിലൂടെ ദുര്‍ഗ്ഗമപഥങ്ങള്‍ താണ്ടി സ്വാമിജിയോടൊപ്പം അത്യാവേശത്തോടെ ആയിരങ്ങള്‍ മലകയറി. നിരവധി ഗിരിജന സഹോദരങ്ങളും സന്നിഹിതരായിരുന്നു.

2006 നവംബര്‍ 24ന് സ്വാമിജി പരമധാമത്തില്‍ വിലയം പ്രാപിച്ചു. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് അശോക് സിംഘാള്‍ പറഞ്ഞത് സ്വാമിജി ഭാരതീയ സംസ്‌കാരത്തിന്റെ അമൂല്യ സ്വത്താണ് എന്നാണ്. താന്‍ അമ്പത് വര്‍ഷംമുമ്പേ സഞ്ചരിക്കുന്നതുകൊണ്ട് താന്‍ പറയുന്നത് പലതും പലര്‍ക്കും പിടികിട്ടില്ലെന്ന് സ്വാമിജി പറഞ്ഞത് പ്രവചന സ്വഭാവമുള്ള വാക്കുകളായിരുന്നുവെന്ന് ഇന്ന് നമുക്ക് ബോധ്യമാകുന്നു. ഒരായുസ്സില്‍ ചെയ്തുതീര്‍ക്കുന്നതിനുമപ്പുറം അദ്ദേഹം ചെയ്തു. കഠിനമായ തപസ്സും സമര്‍പ്പണ ബോധവും ഇച്ഛാശക്തിയും സ്നേഹനിര്‍ഭരമായ ഒരു ഹൃദയവും ഉള്ള ഒരു അനുചര സംഘത്തിന് മാത്രമേ അദ്ദേഹം താണ്ടിയ വഴി പിന്തുടരാന്‍ സാധിക്കൂ.

Related Articles

Latest Articles