Wednesday, May 8, 2024
spot_img

30 വർഷത്തിലേറെയായി സമൂസ ഉണ്ടാക്കുന്നത് ടോയ്‌ലറ്റിൽ! പിടിച്ചെടുത്തത് രണ്ടുവർഷത്തിലേറെ പഴക്കമുള്ള സാധനങ്ങൾ, റെസ്റ്റോറന്റ് അടച്ചു പൂട്ടി അധികൃതർ

റിയാദ്: സൗദിയിലെ ഒരു റെസ്റ്റോറന്റിൽ 30 വർഷത്തിലേറെയായി സമൂസയും ലഘു ഭക്ഷണങ്ങളും ഉണ്ടാക്കുന്നത് ടോയ്‌ലറ്റിൽ. സംഭവം പുറത്തറിഞ്ഞതിനെ തുടർന്ന് അധികൃതർ റെസ്റ്റോറന്റ് അടച്ചു പൂട്ടി. സൗദി അറേബ്യയിലെ ജിദ്ദയിലാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് ജിദ്ദ മുനിസിപ്പാലിറ്റി 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചിരുന്ന റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലെ റെസ്റ്റോറന്റില്‍ റെയ്ഡ് നടത്തി.

റെസ്‌റ്റോറന്റിലെ എല്ലാ തൊഴിലാളികള്‍ക്കും ആരോഗ്യ കാര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഇവരെല്ലാം താമസ നിയമങ്ങള്‍ ലംഘിച്ചിട്ടുള്ളതായി കണ്ടെത്തുകയും ചെയ്തു. സൗദിയിലെ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നതനുസരിച്ച്, ശുചിമുറികളില്‍ വെച്ചാണ് റെസ്റ്റോറന്റ് ജീവനക്കാര്‍ ലഘുഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നത്.

ഇറച്ചി, ചിക്കന്‍, ചീസ് എന്നിവ ഉപയോഗിച്ചുള്ള ലഘുഭക്ഷണമാണ് ഉണ്ടാക്കിയിരുന്നത്. അവയില്‍ ചിലത് രണ്ട് വര്‍ഷത്തിലേറെ പഴക്കവുമുള്ളതായി കണ്ടെത്തി. സ്ഥലത്ത് നിരവധി പ്രാണികളെയും എലികളെയും കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി അനധികൃത ഭക്ഷണശാലകള്‍ അടച്ചുപൂട്ടിയതായും ഒരു ടണ്ണിലധികം ഭക്ഷ്യവസ്തുക്കള്‍ കണ്ടുകെട്ടുകയും നശിപ്പിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു.

ഇതിനു മുൻപ്, ഷവർമ തയാറാക്കാൻ വച്ച ഇറച്ചിയിൽ എലികളെ കണ്ടെത്തിയതിനെ തുടർന്ന് ജിദ്ദയിലെ പ്രശസ്തമായ റെസ്റ്റോറന്റ് അടച്ചുപൂട്ടിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിലും വലിയ ഒച്ചപ്പാട് സൃഷ്ടിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് സൗദിയിൽ 2,283 കേന്ദ്രങ്ങളിൽ പരിശോധന നടത്തുകയും 26 കേന്ദ്രങ്ങൾ പൂട്ടിക്കുകയും ചെയ്‌തു.

Related Articles

Latest Articles