Sunday, May 5, 2024
spot_img

പ്ലാസ്റ്റിക് പതാകളോട് വിട പറയാം; ഈ സ്വാതന്ത്ര്യ ദിനത്തില്‍ പേപ്പർ പതാകകൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര സർക്കാർ

ദില്ലി: രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച ദേശീയ പതാകകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച്‌ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ദേശീയ പതാക രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളെയും അഭിലാഷങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ്. അതിനാല്‍ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ദേശീയ പതാകയോട് സാര്‍വത്രിക സ്നേഹവും ബഹുമാനവും വിശ്വസ്തതയും എല്ലാവര്‍ക്കും ഉണ്ട്. എന്നിരുന്നാലും ജനങ്ങള്‍ക്കിടയിലും സര്‍ക്കാ‌ര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദര്‍ശിപ്പിക്കുന്നത് സംബന്ധിച്ചുള്ള നിയമവ‌ശങ്ങള്‍, ആചാരങ്ങള്‍ എന്നിവയുടെ അവബോധത്തിന്റെ അഭാവം പലപ്പോഴും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും നി‍ര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ പ്രധാന സാംസ്കാരിക, കായിക പരിപാടികളിലടക്കം പേപ്പർ ഫ്ലാഗ് ആണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന പതാകകള്‍ വലിച്ചെറിയരുത്. മാത്രമല്ല സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിര്‍ത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. പ്ലാസ്റ്റിക് പതാകകള്‍ കടലാസ് പതാകകള്‍ പോലെ ബയോഡീഗ്രേഡബിൾ അല്ല, ഇവ ദീര്‍ഘകാലം കഴിഞ്ഞാലും മണ്ണില്‍ അലിഞ്ഞുചേരില്ല. കൂടാതെ പതാകയുടെ അന്തസ്സിന് അനുസൃതമായി പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ദേശീയ പതാകകള്‍ ഉചിതമായി നീക്കംചെയ്യുന്നതില്‍ പ്രായോഗിക പ്രശ്നങ്ങളുണ്ട് എന്നും നി‍ര്‍ദ്ദേശത്തില്‍ പറയുന്നു.

അതേസമയം ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്ലാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവ പ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles