Friday, April 26, 2024
spot_img

എട്ട് സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളെ പുനര്‍നിര്‍ണയിക്കണമെന്ന് സുപ്രീംകോടതി; മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും ദേശീയ ന്യൂനപക്ഷ കമ്മീഷന് നിര്‍ദ്ദേശം

ദില്ലി: എട്ടു സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളെ പുനര്‍ നിര്‍ണയിക്കണമെന്ന ആവശ്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. മൂന്നുമാസത്തിനകം ഇതുസംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.

ഓരോ സംസ്ഥാനത്തും ന്യൂനപക്ഷങ്ങളെ നിര്‍വ്വചിക്കണമെന്നും മാനദണ്ഡങ്ങള്‍ നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ ആണ് കോടതിയെ സമീപിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് ഉള്ള നിര്‍വ്വചനവും സംസ്ഥാന തലത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡവും നിശ്ചയിക്കണമെന്നാണ് ഹര്‍ജിക്കാരന്‍റെ ആവശ്യം.

സംവരണം പ്രധാനമായും സംസ്ഥാന അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ ചില സംസ്ഥാനങ്ങളിലെ ഭൂരിപക്ഷ ജനവിഭാഗത്തിനാണ് സംവരണം ലഭിക്കുന്നത്. അവിടങ്ങളിലെ ന്യൂനപക്ഷങ്ങള്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഭൂരിപക്ഷമായതിനാല്‍ അതാതു സംസ്ഥാനങ്ങളില്‍ സംവരണം ലഭിക്കാത്ത സ്ഥിതിയിലാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇത് പരിഗണിച്ചാണ് ന്യൂനപക്ഷങ്ങളെ പുനര്‍നിര്‍വ്വചിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന് കോടതി നിര്‍ദേശം നല്‍കിയത്.

ജമ്മു കശ്മീര്‍, പഞ്ചാബ്, ലക്ഷദ്വീപ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളെ നിര്‍വചിക്കണമെന്നാണ് കോടതി നിര്‍ദേശം. ഈ എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കള്‍ ന്യൂനപക്ഷങ്ങളാണ്. ഇതു കണക്കിലെടുത്ത് എട്ടു സംസ്ഥാനങ്ങളിലും ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിച്ച് സംവരണം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

കോടതി നല്‍കിയ സമയപരിധി പാലിച്ചുകൊണ്ട് മൂന്നുമാസത്തിനുള്ളില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നാണ് കമ്മീഷന്‍റെ പ്രതീക്ഷ.

Related Articles

Latest Articles