ജയ്പൂര്‍: ജയ്പൂരിൽ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് കുട്ടികള്‍ മരിച്ചു. രാജസ്ഥാനിലെ ജയ്സല്‍മേറിലെ ഷിയോ റോഡിലായിരുന്നു അപകടം നടന്നത്. ബസിലുണ്ടായിരുന്ന മറ്റ് 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്‌കൂളിലേക്ക് പോകുംവഴിയായിരുന്നു അപകടം.
ഫാല്‍സുന്ദ് പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് കുട്ടികളുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചതെന്നും ശേഷിക്കുന്ന 40ഓളം പേരെ ആശുപത്രിയില്‍ എത്തിച്ചതായും പോലീസ് പറഞ്ഞു.
അപകടത്തില്‍ ഹസന്‍ ഖാന്‍, കസം ഖാന്‍ എന്നീ രണ്ട് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. 20 പേരുടെ പരിക്ക് സാരമുളളതല്ല. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ വിട്ടയച്ചു. ബാക്കിയുള്ളവര്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

