Sunday, June 2, 2024
spot_img

പൊള്ളുന്ന ചൂട് ! തുളച്ചുകയറുന്ന ആണവവികിരണങ്ങൾ ! കൊടും തണുപ്പ് ! ഇവിടെ എല്ലാം ഓക്കെയാണ്; ടാർഡിഗ്രേഡുകൾ എന്ന അത്ഭുത ജീവികൾ

ഭാരതം ഗഗൻയാൻ ദൗത്യത്തിലെ യാത്രികരെ പ്രഖ്യാപിച്ചതോടെ ബഹിരാകാശയാത്രകൾ ഒരിക്കൽ കൂടി വാർത്തകളിൽ ഇടം നേടുകയാണ്. മനുഷ്യനു പുറമെ ജീവികളും ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. ബഹിരാകാശ യാത്ര നടത്തിയ മൃഗങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ലൈക്ക എന്ന നായക്കുട്ടിയാണ്. ബഹിരാകാശ യാത്രനടത്തിയ ജീവജാലങ്ങളുടെ പട്ടികയെടുക്കുമ്പോൾ സൂപ്പർ സ്റ്റാറുകൾ എന്നറിയപ്പെടുന്നത് ടാർഡിഗ്രേഡുകൾ എന്ന സൂക്ഷ്മജീവികളാണ്.എട്ടുകാലുകളും ഓരോ കാലിലും രണ്ടു കൈകളും തടിച്ചുകുറുകിയ ശരീരവുമുള്ള ജീവികളാണിവ.

2007 ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഫോട്ടോൺ എം3 ദൗത്യത്തിലാണ് ടാർഡിഗ്രേഡുകളെ അയച്ചത്. പത്തുദിവസത്തോളം ബഹിരാകാശത്ത് പൂജ്യം ഡിഗ്രിതാപനിലയിൽ കഴിഞ്ഞ അവയ്ക്ക് സൂര്യനിൽനിന്നുള്ള കടുത്ത റേഡിയേഷനും നേരിടേണ്ടിവന്നിരുന്നു. തിരികെയെത്തിയ ടാർഡിഗ്രേഡുകളെ പരിശോധിച്ച ശാസ്ത്രജ്ഞർ ഞെട്ടി. പൊള്ളുന്ന ചൂടിലൂടെയും തുളച്ചുകയറുന്ന ആണവവികിരണങ്ങളിലൂടെയും കൊടും തണുപ്പിലൂടെയും കടന്നു പോയ അവയ്ക്ക് യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല എന്നത് തന്നെയായിരുന്നു കാരണം.

പാറക്കെട്ടുകളിൽ പറ്റിപ്പിടിച്ചുവളരുന്ന പച്ചപ്പായലുകളിൽ, തടാകങ്ങളുടെ അടിത്തട്ടിൽ, കുളങ്ങളിൽ, മണ്ണിൽ, മഞ്ഞുമലകളിൽ, കെട്ടിടങ്ങളുടെ മേൽക്കൂരയിൽ എന്നിങ്ങനെ എല്ലായിടത്തും ടാർഡിയുണ്ട്. അൽപം നനവുള്ള പ്രദേശങ്ങളാണ് ഇവയ്ക്ക് കൂടുതൽ ഇഷ്ടം. ചില നോൺവെജ് ടാർഡികളുടെ പ്രധാന ഭക്ഷണം ബാക്ടീരിയയാണ്. ആണവസ്ഫോടനം, ഛിന്നഗ്രഹ ആക്രമണം, വരൾച്ച തുടങ്ങിയവ സംഭവിച്ചാലും ടാർഡിയ ജീവനോടെ നിലനിൽക്കും. വെള്ളം കിട്ടില്ലെന്നുറപ്പായാൽ എട്ടു കാലുകളും മടക്കി ശരീരത്തിലേക്കു ചേർത്തു പന്തു പോലെയാകും. ഈ അവസ്ഥയിൽ ഉത്പാദിപ്പിക്കുന്ന ചില രാസവസ്തുക്കൾ അതിനെ സംരക്ഷിക്കും. വെള്ളം ലഭ്യമാകുന്ന മുറയ്ക്ക് ടാർഡി പഴയ രൂപത്തിലേക്കു വരും. ബഹിരാകാശത്തുനിന്നു തിരികെ വന്നപ്പോൾ ടാർഡി ഈ രൂപത്തിലാണു വന്നത്.

Related Articles

Latest Articles