Sunday, May 19, 2024
spot_img

മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും എസ്. എസ് സന്ധുവും പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ; നിയമന ഉത്തരവ് ഉടൻ ഉണ്ടായേക്കും

ദില്ലി : മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥരായ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും. കമ്മിഷനിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്കാണു ഇവരുടെ പേര് നിർദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷനായ നിയമന സമിതിയിൽ അംഗമായിരുന്ന കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു.

കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. പഞ്ചാബ് കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥനാണു സുഖ്ബിർ സിങ് സന്ധു. ഇരുവരുടെയും നിയമനം പ്രാബല്യത്തിൽ വരുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ കളമൊരുങ്ങും. പ്രധാനമന്ത്രി, അദ്ദേഹം നിർദേശിക്കുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കിൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരടങ്ങുന്ന സമിതി നിർദേശിക്കുന്ന വ്യക്തിയെയാണ് മുഖ്യ കമ്മിഷണറോ കമ്മിഷണറോ ആയി രാഷ്ട്രപതി നിയമിക്കുക. നിയമമന്ത്രിയും രണ്ടു കേന്ദ്ര സെക്രട്ടറിമാരും അടങ്ങുന്ന സേർച് കമ്മിറ്റിയാണു പ്രധാനമന്ത്രിയുടെ സമിതിക്കു പരിഗണിക്കാൻ പേരുകൾ നൽകുന്നത്.

ലോക്സഭാ തെര‍ഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയൽ കഴിഞ്ഞദിവസം രാജിവച്ചിരുന്നു. ഇതോടെ മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ മാത്രമാണു ശേഷിച്ചിരുന്നത്. മറ്റൊരു കമ്മിഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. ഈ ഒഴിവുകളാണ് ഇപ്പോൾ നികത്തുന്നത്

Related Articles

Latest Articles