പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.
സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കൾക്ക് പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും. അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
വേനൽചൂട് കടുത്തത്തോടെ സംസ്ഥാനത്തെ കുപ്പിവെള്ള കച്ചവടം ഉയരുന്നത് റോക്കറ്റ് വേഗത്തിൽ. മാർച്ച് മാസം ആരംഭമായപ്പോഴേക്കും ശരാശരി 13 ലക്ഷം ലീറ്റർ കുപ്പിവെള്ളമാണ് ദിനം പ്രതി വിറ്റുപോകുന്നതെന്നാണ് കണക്ക്. ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് വിൽപനയിൽ 50 ശതമാനത്തിന്‍റെ വർധനവാണ് ഇപ്പോഴുള്ളത്. ഏപ്രിൽ,മേയ് മാസങ്ങളിൽ ചൂട് വർധിക്കുമെന്നതിനാൽ വിൽപന ഇനിയും ഉയർന്നേക്കും. സംസ്ഥാനത്ത് 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വർഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വിൽക്കുന്നത്.
വൻകിട കമ്പനികൾക്കു പുറമെ ചെറുകിട സംരംഭകരും സർക്കാരുമെല്ലാം കുപ്പിവെള്ള വിൽപന നടത്തുന്നുണ്ട്. എറണാകുളത്ത് മാത്രം ദിവസം 20,000 ലിറ്റര്‍ വെള്ളത്തിന്റെ ജാര്‍ വിൽപന നടക്കുന്നുണ്ട്. ഫ്ലാറ്റുകൾ, വേനൽക്കാലത്ത് വെള്ളം ലഭ്യമല്ലാതായ നഗരങ്ങളിലെ വീടുകൾ എന്നിവിടങ്ങളിലെല്ലാം ആശ്രയം 20 ലിറ്ററിന്റെ വാട്ടർ ജാറുകളാണ്. 12 തരത്തിലുള്ള ലൈസൻസാണ് കുപ്പിവെള്ള കമ്പനിയുടെ നടത്തിപ്പിനായി വേണ്ടത്. ഉയർന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക് കുപ്പിയിലായിരിക്കണം വിൽപന എന്നത് നിർബന്ധമാണ്. കുപ്പിയിൽ വെള്ളത്തിന്റെ ബാച്ച് നമ്പർ, കാലാവധി എന്നിവയും രേഖപ്പെടുത്തിയിരിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.
കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

