തിരുവനന്തപുരം:സിനിമയിലൂടെയും-സീരിയലിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി സോണിയ. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും സോണിയ വേഷമിട്ടിട്ടുണ്ട്. നിരവധി സീരിയലുകളിൽ അഭിനയിച്ച സോണിയ കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവളാണ്. എന്നാൽ ഇനി മുതൽ നടി സോണിയ മുൻസിഫ് മജിസ്‌ട്രേറ്റ് ആണ്.
കാര്യവട്ടം ക്യാമ്പസിലെ എൽ.എൽ.എം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പി.ജിയും ഫസ്റ്റ് ക്ലാസിൽ ആയിരുന്നു താരം പാസായത്. മാത്രമല്ല എൽ.എൽ.ബിയും എൽ.എൽ.എമ്മും പഠിച്ചു. തുടർന്ന് വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുൻസിഫ് മജിസ്‌ട്രേറ്റായുള്ള നിയമനം.
അവതാരകയായി മിനിസ്‌ക്രീനിലെത്തിയ സോണിയ പിന്നീട് സീരിയലിലേക്കും സിനിമയിലേക്കും ചേക്കേറിയിരുന്നു. എന്നാൽ സാധാരണ മറ്റ് തൊഴിലുകൾ ഉപേക്ഷിച്ച് അഭിനയത്തിലേക്ക് വരാറുള്ളവരിൽ നിന്നും വ്യത്യസ്തയാവുകയാണ് സോണിയ. അത്ഭുതദ്വീപിലെ അഞ്ച് രാജകുമാരിമാരിൽ ഒരാളായത് സോണിയ ആയിരുന്നു. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ മൈ ബോസിൽ മമ്തയുടെ സുഹൃത്തായും വേഷമിട്ടിട്ടുണ്ട്. കുഞ്ഞാലി മരയ്ക്കാർ, മംഗല്യപ്പട്ട്, ദേവീ മാഹാത്മ്യം എന്നിവയാണ് സോണിയയുടെ ശ്രദ്ധേയമായ സീരിയലുകൾ.

