Saturday, September 19, 2026

പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം ! ചികിത്സാ പിഴവിനെ തുടർന്ന് 8 വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നു; വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതർ

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റേണ്ടി വന്നതായി പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ആ ദിവസം തന്നെ കുട്ടിയെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചിരുന്നു. കുട്ടിയുടെ കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാനായിരുന്നു ഡോക്ടർമാർ ഉപദേശിച്ചത്. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ചിരുന്നെന്നും കൈ അഴുകിയ നിലയിലായിരുന്നെന്നും അമ്മ പറയുന്നു. പിന്നീട് തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള ശേഷി ഇല്ലായിരുന്നതിനാൽ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അതേസമയം എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്നാണ് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ പ്രതികരിച്ചിരിക്കുന്നത്. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.

Related Articles

Latest Articles